സർക്കാർ ഫാർമസികളിൽ നിന്നുള്ള മരുന്ന് വിതരണം വ്യവസ്ഥാപിതമാകാൻ പുതിയ സംവിധാനവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം

സിവിൽ ഐഡി നമ്പർ ഉപയോഗിച്ചു കൊണ്ട് ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം

Update: 2022-07-30 18:39 GMT
Editor : Nidhin | By : Web Desk

സർക്കാർ ഫാർമസികളിൽ നിന്നുള്ള മരുന്ന് വിതരണം വ്യവസ്ഥാപിതമാകാൻ പുതിയ സംവിധാനവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. ഡോക്ടർമാർ അനധികൃതമായി കുറിപ്പടികൾ നൽകുന്നില്ലെന്നും മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മരുന്നുകൾ വിതരണം ചെയ്യുന്നതെന്നും ഉറപ്പാക്കുകയാണ് പുതിയ സംവിധാനം വഴി അധികൃതർ ലക്ഷ്യമിടുന്നത്.

ഒരു പൗരന് തന്റെ സിവിൽ ഐഡി നമ്പർ ഉപയോഗിച്ചു കൊണ്ട് ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം നടപ്പാക്കാൻ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. ആശുപത്രികളോട് അനുബന്ധിച്ചുള്ള ഫാർമസികളിൽ കൃത്യമായ ഇൻവെന്ററി സിസ്റ്റം നടപ്പാക്കിയും വെയർ ഹൗസുകളുടെയും ഫാർമസികളുടെയും ഇൻവെന്ററി സംവിധാനങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചുമാണ് ഇത് നടപ്പാക്കുക. ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ അവലോകനം ചെയ്യുകയും ഫാർമസി ജീവനക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സൂക്ഷ്മപരിശോധനകളിലൂടെ ഉറപ്പാക്കുകയും ചെയ്യും. ഫാർമസികളും ചികിത്സിക്കുന്ന ഡോക്ടർമാരും തമ്മിലുള്ള ബന്ധവും നിരീക്ഷിക്കും.

Advertising
Advertising

അർഹതയില്ലാത്തവർക്ക് മരുന്ന് വിതരണം ചെയ്യുന്നതായി കണ്ടെത്തുകയോ ഏതെങ്കിലും വ്യക്തിയെ പിടികൂടുകയോ ചെയ്താൽ അയാൾക്കെതിരെ നേരിട്ട് നിയമ നടപടികൾ സ്വീകരിക്കുവാൻ പുതിയ സംവിധാനം സഹായകമാകും. അനധികൃത കുറിപ്പടികൾ വിതരണം ചെയ്യുന്നില്ലെന്നും മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾക്കും വിതരണസംവിധാനത്തിനും അനുസൃതമായാണ് മരുന്നുകൾ വിതരണം ചെയ്യുന്നത് എന്നും ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നു ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News