2025 ആദ്യ പകുതിയിൽ 20,898 വർക്ക് പെർമിറ്റ് പരാതികൾ; കുവൈത്തിൽ തൊഴിൽ വിസ തർക്കങ്ങൾ വർധിച്ചു

21,000-ത്തിലധികം ഹാജരാകാതിരിക്കൽ, പിരിച്ചുവിടൽ നോട്ടീസുകൾ

Update: 2025-08-04 06:02 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ വിസ തർക്കങ്ങളും ഷെൽട്ടർ പ്രവേശനവും വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ പുതിയ കണക്കുകളാണ് രാജ്യത്തെ നിലവിലുള്ള തൊഴിൽ പ്രതിസന്ധിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നത്. 2025 ന്റെ ആദ്യ പകുതിയിൽ മാത്രം 20,898-ലധികം വർക്ക് പെർമിറ്റ് പരാതികളും 21,000-ത്തിലധികം ഹാജരാകാതിരിക്കൽ, പിരിച്ചുവിടൽ നോട്ടീസുകളും ഫയൽ ചെയ്തു.

അതോറിറ്റിയുടെ മിഡ്-ഇയർ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹാജരാകാതിരിക്കൽ റിപ്പോർട്ടുകൾ മാത്രം ആകെ 21,350 ഉണ്ടായിരുന്നു, എന്നാൽ 7,827 എണ്ണം പിന്നീട് ഒഴിവാക്കി. ലിസ്റ്റുചെയ്ത തൊഴിലുടമകൾ അടച്ചുപൂട്ടിയതായോ നിലവിലില്ല എന്നോ കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ 843 റിപ്പോർട്ടുകൾ നിരസിച്ചു.

Advertising
Advertising

കുടുംബ പുനഃസമാഗമം, തൊഴിലുടമ കൈമാറ്റം, അന്തിമ യാത്ര റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള വർക്ക് പെർമിറ്റ് പ്രശ്‌നങ്ങളിലാണ് കൂടുതൽ പരാതികൾ. ഇതിൽ 9,430 കേസുകളുണ്ട്. വ്യക്തിഗത തൊഴിൽ തർക്കങ്ങളിൽ 8,646 പരാതികളുണ്ട്. 3,341 കേസുകൾ തുടർനടപടികൾക്കായി പരിശോധനാ സംഘങ്ങൾക്ക് അയച്ചിരിക്കുകയാണ്.



1,362 തൊഴിലാളികൾ ഗവൺമെൻറ് നടത്തുന്ന ഷെൽട്ടറുകളിൽ അഭയം തേടിയിട്ടുണ്ട്. 1,252 സ്ത്രീകൾ ജലീബ് അൽ ഷുയൂഖിലെ സ്ത്രീകളുടെ ഷെൽട്ടറിലും 110 പുരുഷന്മാർ ഹവല്ലി പുരുഷ ഷെൽട്ടറിലുമാണ് അഭയം തേടിയത്. 15 കുട്ടികളെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 'അസ്ഹൽ' പോർട്ടൽ വഴി 1.1 ദശലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകൾ കൈകാര്യം ചെയ്തു. 'സഹ്ൽ ബിസിനസ്' ആപ്പ് 16,100 അഭ്യർത്ഥനകൾ പ്രോസസ്സ് ചെയ്തു, ലേബർ സർവീസസ് പോർട്ടൽ 1,54,608 എണ്ണം കൈകാര്യം ചെയ്തു, 81,272 എണ്ണം ഇൻസ്‌പെക്ഷൻ ആപ്പ് വഴി പ്രോസസ്സ് ചെയ്തു. ഭാവി പരിഷ്‌കാരങ്ങൾക്കുള്ള ഒരുക്കമെന്ന നിലയിൽ, വിദ്യാർത്ഥികൾക്ക് 3,252 പരിശീലന അവസരങ്ങൾ വാഗ്ദാനം ചെയ്തു. അതേസമയം, കുവൈത്ത് പൗരന്മാരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള 'ഫഖ്റുന' പ്ലാറ്റ്ഫോമിൽ 27,144 അംഗീകൃത ഇടപാടുകൾ രേഖപ്പെടുത്തി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News