ഹറം പള്ളിയിൽ കൂടുതൽ നിയന്ത്രണങ്ങൾ നീക്കുന്നു; ഹജറുൽ അസ്‌വദ് ചുംബിക്കുന്നതിനും ത്വവാഫിന് മാത്രമായും അനുവാദം നൽകും

ഹറം പള്ളിയുടെ ഒന്നാം നിലയിലാണ് തീർത്ഥാടകരല്ലാത്തവർക്ക് ത്വവാഫിന് സൗകര്യമൊരുക്കുക. രാവിലെയും വൈകുന്നേരവും നമസ്‌കാരങ്ങളില്ലാത്ത സമയത്താണ് ഇതിനായി സജ്ജീകരിക്കുന്നത്

Update: 2021-11-21 15:44 GMT
Advertising

മക്കയിലെ ഹറം പള്ളിയിൽ കൂടുതൽ നിയന്ത്രണങ്ങൾ നീക്കുന്നു. ഹജറുൽ അസ്‌വദ് ചുംബിക്കുന്നതിനും ത്വവാഫിന് മാത്രമായും അനുവാദം നൽകും. കോവിഡിന്റെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിക്കുന്നത്. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായതോടെയാണ് മക്കയിൽ ഹറം പള്ളിയിലെ നിയന്ത്രണങ്ങളിൽ ഇളവനുവദിച്ച് തുടങ്ങിയത്. ഹറം പള്ളിയുടെ മുഴുവൻ ശേഷിയിലും നിലവിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും കഅബയെ സ്പർശിക്കുവാനോ, തീർത്ഥാടകരല്ലാത്തവർക്ക് കഅബ പ്രദക്ഷിണം ചെയ്യുവാനോ ഇത് വരെ അനുവാദം നൽകി തുടങ്ങിയിട്ടില്ല. എന്നാൽ താമസിയാതെ ഇതിന് കൂടി അനുവാദം നൽകി തുടങ്ങുമെന്ന് ഹജ്ജ് ഉംറ സുരക്ഷ വിഭാഗം അറിയിച്ചു.

ഹറം പള്ളിയുടെ ഒന്നാം നിലയിലാണ് തീർത്ഥാടകരല്ലാത്തവർക്ക് ത്വവാഫിന് സൗകര്യമൊരുക്കുക. രാവിലെയും വൈകുന്നേരവും നമസ്‌കാരങ്ങളില്ലാത്ത സമയത്താണ് ഇതിനായി സജ്ജീകരിക്കുന്നത് . കഅബയുടെ കിഴക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന ഹജറുൽ അസ്‌വദ് ചുംബിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങളൊരുക്കുന്നുണ്ട്. തീർത്ഥാടകരല്ലാത്തവർക്ക് ത്വാവാഫ് ചെയ്യുന്നതിനും ഹജറുൽ അസ്‌വദ് ചുംബിക്കുന്നതിനും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റുകൾ ഉടൻ ലഭ്യമായി തുടങ്ങും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഹറം പള്ളിയിലേക്ക് നിലവിൽ പ്രവേശനമുള്ളൂ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News