പുതിയ വിസ നിയമം; കുവൈത്തിൽ ഫീസ് മൂന്നിരട്ടിയാകും

ജനുവരിയിൽ സന്ദര്‍ശക വിസ അനുവദിക്കുന്നതിലും പുതിയ നിബന്ധനകള്‍ നടപ്പിലാക്കും

Update: 2022-11-14 17:28 GMT

വിസ അനുവദിക്കുന്നതിനും മാറ്റുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ മാനവ വിഭവശേഷി അതോറിറ്റി അഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ സന്ദര്‍ശക വിസ അനുവദിക്കുന്നതിലും പുതിയ നിബന്ധനകള്‍ നടപ്പിലാക്കും.

എല്ലാ വിസ ഫീസും ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിപ്പിക്കുമെന്നാണ് സൂചനകള്‍. ഇതോടെ കമ്പനികളില്‍ നിന്ന് കമ്പനികളിലേയ്ക്കും ചെറുകിട സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വിദേശികളുടെ വിസാ മാറ്റത്തിനുള്ള ഫീസ് വര്‍ധിക്കും. നേരത്തെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ കൃത്യമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രം തൊഴില്‍ വിസ അനുവദിച്ചാല്‍ മതിയെന്ന് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

നിലവില്‍ പ്രവാസികളുടെ ആശ്രിത വിസ അനുവദിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണമാണ് കുവൈത്തിലുള്ളത്. താമസ നിയമ ലംഘകർക്കെതിരെ രാജ്യവ്യാപകമായി സുരക്ഷാ കാമ്പയിനുകള്‍ തുടരുമെന്നും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പിടികൂടി നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News