ഒമാനിൽ ടാക്‌സി ഉടമകൾക്കും വ്യക്തികൾക്കും 100% ഗതാഗത പിഴ ഇളവ്
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 70% വും വലിയ കമ്പനികൾക്ക് 50% വും ഇളവ്
മസ്‌കത്ത്: ഗതാഗത നിയമ ലംഘന കുടിശ്ശികകൾ തീർക്കാൻ വ്യക്തികളെയും ബിസിനസുകളെയും സഹായിക്കാൻ ഒമാൻ ഗതാഗത മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചു. ലാൻഡ് ട്രാൻസ്‌പോർട്ട് നിയമവും ചട്ടങ്ങളും അനുസരിച്ച് 2025 ഫെബ്രുവരി 18 ന് മുമ്പ് ചുമത്തപ്പെട്ട പിഴകൾക്കാണ് ഇളവ്.
പുതിയ പദ്ധതി പ്രകാരം, ടാക്‌സി ഉടമകളും ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുന്നവരും ഉൾപ്പെടെയുള്ള വ്യക്തികൾക്ക് എല്ലാ പിഴകളിലും 100% ഇളവ് ലഭിക്കും.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SME) 70% ഇളവ് അനുവദിക്കും. ബാക്കി തുക ആറ് പ്രതിമാസ ഗഡുക്കളായി അടയ്ക്കാം. വലിയ കമ്പനികൾക്ക് 50% ഇളവ് ലഭിക്കും. കൂടാതെ ആറ് ഗഡുക്കളായി ബാക്കി തുക അടയ്ക്കാനും കഴിയും.
പ്രവർത്തനം നിർത്തിയതോ കുറഞ്ഞത് ഒരു വർഷത്തേക്ക് വാണിജ്യ രജിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചതോ ആയ SMEകൾക്കും വലിയ കമ്പനികൾക്കും ഒരു വർഷത്തെ കാലയളവ് കഴിഞ്ഞാൽ എല്ലാ പിഴകളും പൂർണമായും റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വാഹന ഉപഭോക്താക്കളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും അവരുടെ സ്റ്റാറ്റസ് സമയബന്ധിതമായി ക്രമീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനുമാണ് ഇളവെന്ന് മന്ത്രാലയം അറിയിച്ചു.