Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: കേടുപാടുകൾ സംഭവിച്ച ബാങ്ക് നോട്ടുകൾ മാറ്റി നൽകുന്നത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. തീപിടുത്തം മൂലം നശിച്ച നോട്ടുകൾ, കീറിയ നോട്ടുകൾ തുടങ്ങിയവ മാറ്റിയെടുക്കാൻ പാലിക്കേണ്ട നിബന്ധനകളും സിബിഒ വിശദീകരിക്കുന്നുണ്ട്.
കേടുപാടുകൾ സംഭവിച്ച നോട്ടുകൾ മാറ്റിവാങ്ങുന്നതിൽ പൊതുജനങ്ങൾക്കുള്ള ആശയക്കുഴപ്പം മാറ്റുകയാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. തീപ്പിടുത്തത്തിൽ നശിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ റോയൽ ഒമാൻ പൊലീസിന്റെ റിപ്പോർട്ടോ അല്ലെങ്കിൽ ബന്ധപ്പെട്ട വാലി നൽകിയ ഒറിജിനൽ റിപ്പോർട്ടോ ഹാജരാക്കണം. തിരിച്ചറിയൽ രേഖയായി സാധുവായ നാഷണൽ ഐഡി അല്ലെങ്കിൽ റെസിഡന്റ് കാർഡ് ഉണ്ടായിരിക്കണം. കീറിപ്പോയ നോട്ടുകൾ മാറ്റിക്കിട്ടണമെങ്കിൽ നോട്ടിന്റെ പകുതിയിൽ കൂടുതൽ ഭാഗം അവശേഷിച്ചിരിക്കണം.
നോട്ടിലെ സീരിയൽ നമ്പറുകളിൽ ഒന്നെങ്കിലും പൂർണ്ണമായി കാണാൻ സാധിക്കണമെന്നും സിബിഒ പറയുന്നുണ്ട്. അധികൃതരുടെ ഒപ്പ് വ്യക്തമായിരിക്കണം. നോട്ട് പകുതിയിൽ താഴെ മാത്രം ഉള്ളുവെങ്കിൽ സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നോ വാലിയിൽ നിന്നോ ഉള്ള ഔദ്യോഗിക കത്ത് ഹാജരാക്കിയാൽ അത്തരം കേസുകൾ പ്രത്യേകമായി പരിഗണിക്കുമെന്നും സിബിഒ പറയുന്നുണ്ട്. കേടുപാടുകൾ സംഭവിച്ച നോട്ടുകൾക്ക് പകരം യോഗ്യമായ നല്ല നോട്ടുകൾ ബാങ്ക് നൽകുമെന്നും സിബിഒ പറഞ്ഞു.