Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഗാർഹിക തൊഴിലാളി സേവനത്തിൽ വീഴ്ച വരുത്തിയ റിക്രൂട്ട്മെന്റ് ഓഫീസിന് 500 റിയാൽ പിഴയിട്ട് കോടതി. സേവനത്തിനായി ഉപഭോക്താവിൽ നിന്ന് ഈടാക്കിയ 900 റിയാൽ ഫീസ് തിരികെ നൽകാനും കോടതി ഉത്തരവിട്ടു. കരാറിൽ നിശ്ചയിച്ചിരുന്ന സമയപരിധിക്കുള്ളിൽ സേവനം നൽകുന്നതിൽ ഓഫീസ് പരാജയപ്പെട്ടെന്നും കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ച ഉപഭോക്താവിന് ഓഫീസ് അധികൃതരിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് ദാഹിറ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ അന്വേഷണത്തിൽ സേവനം നൽകുന്നതിൽ വീഴ്ച പറ്റിയെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ സമ്മതിക്കുകയും ഉപഭോക്താവിൽ നിന്ന് കൈപ്പറ്റിയ തുക തിരികെ നൽകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, പറഞ്ഞ കാലാവധിക്കുള്ളിലും തുക മടക്കി നൽകാത്തതിനെത്തുടർന്ന് അധികൃതർ കേസ് ബന്ധപ്പെട്ട കോടതിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് രണ്ടാഴ്ചക്കകം തുക ഉപഭോക്താവിന് തിരികെ നൽകാൻ ഉത്തരവായത്.