ഭക്ഷ്യസുരക്ഷാ രംഗത്ത് ഒമാന് വൻ മുന്നേറ്റം
മത്സ്യബന്ധന മേഖലയിലും കുതിപ്പെന്ന് റിപ്പോർട്ട്
മസ്‌കത്ത്: ഭക്ഷ്യസുരക്ഷാ രംഗത്ത് വൻ മുന്നേറ്റം കൈവരിച്ച് ഒമാൻ, മത്സ്യബന്ധന മേഖലയിലും കുതിപ്പെന്ന് റിപ്പോർട്ട്. കാർഷിക മേഖലയിൽ 6.8 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ, മത്സ്യബന്ധന മേഖലയിൽ 9.2 ശതമാനത്തിന്റെ വളർച്ചയുണ്ടായി, വിവിധ നിക്ഷേപ പദ്ധതികളും ആധുനിക കൃഷിരീതികളുമാണ് വളർച്ചയ്ക്ക് പ്രധാന കാരണം്.
കൃഷി, മത്സ്യ ജല വിഭവ മന്ത്രാലയത്തിന്റെ വാർഷിക മാധ്യമ സമ്മേളനത്തിലാണ് മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്‌സി ഒമാന്റെ ഭക്ഷ്യ സുരക്ഷാരംഗത്തെ കുതിച്ചുചാട്ടത്തെകുറിച്ച് പറഞ്ഞത്. കാർഷിക മേഖല 6.8 ശതമാനം വളർച്ച രേഖപ്പെടുത്തി, ഇത് നിശ്ചയിച്ചിരുന്ന ലക്ഷ്യത്തേക്കാൾ കൂടുതലാണ്. മത്സ്യബന്ധന മേഖലയിൽ 9.2 ശതമാനത്തിന്റെ വളർച്ചയുണ്ടായി.
വിവിധ ഭക്ഷ്യോൽപന്നങ്ങളിൽ ഒമാൻ ഉയർന്ന സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്: ഈത്തപ്പഴം: 99% പാൽ: 96% മുട്ട: 95% പച്ചക്കറികൾ: 75% എന്നിങ്ങനെയാണിത്. ഒമാന്റെ പരിസ്ഥിതിയും കാലാവസ്ഥവും കാർഷിക വികസനത്തിന് വലിയ പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏകദേശം 5.5 മില്യൺ ഏക്കർ കൃഷിയോഗ്യമായ ഭൂമി ഉണ്ട്, ഇത് രാജ്യത്തിന്റെ ആകെ ഭൂവിശാലതയുടെ 7.5 ശതമാനത്തോളമാണ്. കൃഷിയിടങ്ങളുടെ ആകെ വിസ്തീർണം 3.55 ലക്ഷം ഏക്കറാണ്. കാർഷിക മേഖലകളുടെ മൊത്തം സാമ്പത്തിക മൂല്യം 100 കോടി ഒമാനി റിയാൽ കവിഞ്ഞു. ഇത് 200 കോടി റിയാലിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ നിക്ഷേപ പദ്ധതികളും ആധുനിക കൃഷിരീതികളുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.