മസ്‌കത്തിലെ മാലിന്യസംസ്‌കരണത്തിൽ മാറ്റം; മാലിന്യശേഖരണവും നീക്കവും മുനിസിപ്പാലിറ്റി ഏറ്റെടുക്കും
ബീഅയും മുൻസിപ്പാലിറ്റിയും മാലിന്യസംസ്‌കരണ കരാറിൽ ഒപ്പുവെച്ചു
മസ്‌കത്ത്: മസ്‌കത്ത് മുൻസിപ്പാലിറ്റിയും ഒമാൻ പരിസ്ഥിതി പ്രവർത്തന കമ്പനി ബീഅയും ഗവർണറേറ്റിലെ മാലിന്യശേഖരണത്തിനും മാലിന്യനീക്കത്തിനും മേൽനോട്ടം വഹിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. കരാറിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്ന് മുതൽ മസ്‌കത്ത് മുൻസിപ്പാലിറ്റി മാലിന്യശേഖരണവും മാലിന്യനീക്കവും നിയന്ത്രിക്കും. ലാന്റ്ഫില്ലുകൾ, മാലിന്യ കൈമാറ്റകേന്ദ്രങ്ങൾ, അപകടകരമായ മാലിന്യസംസ്‌കരണ ക്രമീകരണങ്ങൾ എന്നിവയുടെ മേൽനോട്ടം 'ബീഅ' തുടരും. മാലിന്യത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന പദ്ധതികളിലും ബീഅ ശ്രദ്ധകേന്ദ്രീകരിക്കും.
സേവനങ്ങളിൽ തടസ്സങ്ങളില്ലാതെ കരാർ നടപ്പാക്കുമെന്നും പരിസ്ഥിതി നിലവാരവും കാര്യക്ഷമതയും ഉയർത്താൻ കരാർ സഹായിക്കുമെന്നും ഇരു കക്ഷികളും അറിയിച്ചു. ഖരമാലിന്യ സംസ്‌കരണ മേഖലയിലെ സ്ഥാപന സംയോജനം ശക്തിപ്പെടുത്തുന്നതിനും ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാർ.