യുഎഇയിലേക്കുള്ള ഹഫീത് റെയിലിന്റെ ഒമാനിലെ നിർമാണത്തിന് തുടക്കം

റെയിൽവേ ട്രാക്കിന്റെ അടിത്തറയുടെ നിർമാണമാണ് തുടങ്ങിയത്

Update: 2025-02-21 15:45 GMT

മസ്‌കത്ത്: യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന്റെ ഒമാനിലെ നിർമാണത്തിന് തുടക്കം. ഭൂമി തരംതിരിക്കലും റെയിൽവേ ട്രാക്കിന്റെ അടിത്തറയുടെ നിർമാണ പ്രവൃത്തിയുമാണ് തുടങ്ങിയത്. മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബൂദബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക.

റെയിൽ ശൃംഖലയുടെ നിർമാണം ആരംഭിക്കാൻ ഇരു രാഷ്ട്രങ്ങളുടെയും കമ്പനികൾ തമ്മിൽ ഷെയർഹോൾഡർ ഉടമ്പടി ഒപ്പുവെച്ചിരുന്നു. ഒമാനിൽ നിന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി ഹഫീത് റെയിൽ എം സ്റ്റീലുമായി ദിവസങ്ങൾക്കുമുമ്പ് തന്ത്രപരമായ കരാറുകളിൽ എത്തിയിരുന്നു. ഹഫീത് റെയിലിന് ഹെവി ചരക്ക് ലോക്കോമോട്ടീവുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കഴിഞ്ഞ ഒക്ടോബറിലും കരാർ ഒപ്പിട്ടിരുന്നു.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും ഇണങ്ങുന്ന തരത്തിലും സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് ലോക്കോമോട്ടീവുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് റെയിൽ പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും ട്രെയിനുകൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News