ഖരീഫ്: ദോഫാറിൽ പരിശോധനകൾ കർശനമാക്കി അധികൃതർ; 10 ഇളനീർ സ്റ്റാളുകൾ അടച്ചുപൂട്ടി

56 സ്റ്റാളുകളിൽ പരിശോധന നടത്തുകയും നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു

Update: 2025-06-25 17:33 GMT
Editor : Thameem CP | By : Web Desk

സലാല: ഒമാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര സീസണായ ഖരീഫ് സീസണിന് ഔദ്യോഗിക തുടക്കമായതോടെ ദോഫാർ ഗവർണറേറ്റിൽ അധികൃതർ പരിശോധനകൾ കർശനമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സലാലയിലെ ഇളനീർ കടകളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ദോഫാർ മുനിസിപ്പാലിറ്റി, ലേബർ ഡയറക്ടറേറ്റ് ജനറൽ എന്നിവയുടെ ഏകോപനത്തോടെ സംയുക്ത പരിശോധന കാമ്പയിൻ നടത്തി.

ഉപഭോക്താക്കൾക്ക് സുരക്ഷിതമായ വിപണി ഉറപ്പാക്കുന്നതിനും ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ആകെ 56 സ്റ്റാളുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും 10 സ്റ്റാളുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകുകയും ചെയ്തു. വാഴപ്പഴം പഴുപ്പിക്കാൻ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ട് നിരോധിത രാസവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു. കൂടാതെ, ഉപഭോക്താക്കൾക്കുള്ള വിലവിവര പട്ടിക അവ്യക്തമായി പ്രദർശിപ്പിക്കുക, അംഗീകൃത ആരോഗ്യ, സാങ്കേതിക ആവശ്യകതകൾ പാലിക്കാത്ത അവസ്ഥ എന്നിവയും കണ്ടെത്തി.

സുരക്ഷയും പൊതു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാത്ത 52 മരമേശകൾ നീക്കം ചെയ്യാനും അധികൃതർ ഉത്തരവിട്ടു. സുരക്ഷിതമല്ലാത്ത രീതികൾ നിയന്ത്രിക്കുന്നതിനും, വിൽപ്പനക്കാരുടെ അവബോധം വർധിപ്പിക്കുന്നതിനും, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള കാമ്പയിന്റെ ഭാഗമാണ് ഈ പരിശോധന. എല്ലാ വിൽപ്പനക്കാരും അംഗീകൃത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും, പൊതുതാൽപര്യം സംരക്ഷിക്കുന്നതിനായി ഇത്തരം പരിശോധനാ കാമ്പയിനുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News