ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ദിബ്ബ ബോർഡർ പ്രവർത്തനമാരംഭിച്ചു
ഒമാനിലെ മുസന്ദമിനെയും യുഎഇയുടെ ഫുജൈറ എമിറേറ്റ്സിനെയും ബന്ധിപ്പിക്കുന്ന ബോർഡറാണ് ദിബ്ബ
മസ്‌കത്ത്: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ദിബ്ബ ബോർഡർ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഒമാനിലെ മുസന്ദമിനെയും യുഎഇയുടെ ഫുജൈറ എമിറേറ്റ്സിനെയും ബന്ധിപ്പിക്കുന്ന ബോർഡറാണ് ദിബ്ബ. അതിർത്തി പോയിന്റ് ഉപയോഗിക്കുമ്പോൾ ആവശ്യമായ എല്ലാ യാത്രാ നടപടിക്രമങ്ങളും രേഖകളും പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു.
യാത്രക്കാർക്കും ചരക്ക് കടത്തിനും ഉൾപ്പെടെ ദിബ്ബ അതിർത്തി വഴി ഇതോടെ സൗകര്യമൊരുങ്ങും. സുൽത്താനേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ മുസന്ദമിലേക്ക് അയൽ രാജ്യങ്ങളിൽ നിന്നും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പുതിയ അതിർത്തി മാർഗം തുറക്കുന്നതിന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും പുതിയ ബോർഡർ സഹായകമാകും.
ഒമാന്റെയും യുഎഇയുടെയും സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കം കൂടിയാണ് ദിബ്ബ അതിർത്തി തുറക്കൽ. അതേസമയം അതിർത്തി പോയിന്റ് ഉപയോഗിക്കുന്നവർ, എല്ലാ യാത്രാ നടപടിക്രമങ്ങളും ഡോക്യുമെന്റേഷനും ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ് ഓർമ്മിപ്പിച്ചു. സാധുവായ പാസ്പോർട്ട്, വിസ, ഒമാനും യുഎഇയും നിശ്ചയിച്ചിട്ടുള്ള യാത്രാ ചട്ടങ്ങളും മറ്റും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന മറ്റ് രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.