ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ 7000ത്തിലധികം രേഖകൾ ഡിജിറ്റൈസ് ചെയ്തു

നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുമായി (എൻ.എ.ഐ) സഹകരിച്ച് മസ്‌കത്തിലെ ഇന്ത്യൻ എംബസിയാണ് അതുല്യ പദ്ധതി നടത്തിയത്

Update: 2024-05-28 07:34 GMT

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ 7000ത്തിലധികം രേഖകൾ ഡിജിറ്റൈസ് ചെയ്തു. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുമായി (എൻ.എ.ഐ) സഹകരിച്ച് മസ്‌കത്തിലെ ഇന്ത്യൻ എംബസിയാണ് അതുല്യ പദ്ധതി നടത്തിയത്. പദ്ധതിക്ക് ഒമാനിലെ നാഷണൽ റെക്കോർഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റിയുടെ (എൻ.ആർ.എ.എ) പിന്തുണയും ലഭിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള രേഖകളടക്കമുള്ളവയാണ് ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഡിജിറ്റലിലേക്ക് മാറ്റിയത്. 19ാം നൂറ്റാണ്ടിലെയും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും നൂറുകണക്കിന് രേഖകളാണ് മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ സ്‌കാൻ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോടെയാണ് 7,000-ത്തിലേറെ ഇന്ത്യൻ പ്രവാസികളുടെ വ്യക്തിഗത രേഖകൾ ഡിജിറ്റൈസ് ചെയ്തത്.

Advertising
Advertising

ഇന്ത്യൻ വ്യാപാരി കുടുംബങ്ങളുടെ സ്വകാര്യ ശേഖരത്തിൽനിന്ന് ഇംഗ്ലീഷ്, അറബിക്, ഗുജറാത്തി, ഹിന്ദി ഭാഷകളിലുള്ള 7,000-ലധികം രേഖകളാണ് ഡിജിറ്റൈസ് ചെയ്തത്. വ്യക്തിഗത ഡയറികൾ, അക്കൗണ്ട് ബുക്കുകൾ, ലെഡ്ജറുകൾ, ടെലിഗ്രാമുകൾ, വ്യാപാര ഇൻവോയ്സുകൾ, പാസ്പോർട്ടുകൾ, കത്തുകൾ, ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഫോട്ടോഗ്രാഫുകൾ എന്നിവ ഡിജിറ്റൈസ് ചെയ്ത രേഖകളിൽ ഉൾപ്പെടുന്നു. ഡിജിറ്റൈസ് ചെയ്ത രേഖകൾ ആർക്കൈവുചെയ്ത് എൻഎഐയുടെ ഡിജിറ്റൽ പോർട്ടലായ 'അഭിലേഖ് പതലിൽ' അപ്ലോഡ് ചെയ്യും, ഈ രേഖകൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും.

'ഇന്ത്യയും ഒമാനും തമ്മിലുള്ള സമ്പന്നമായ ചരിത്രവും വ്യാപാര ബന്ധവും കാണിക്കുന്ന ഒരു അതുല്യ സംരംഭമാണിത്. ഒരു നൂറ്റാണ്ടിലേറെയായി ഒമാനിൽ കഴിയുന്ന ഗുജറാത്തിൽ നിന്നുള്ള 32 ഇന്ത്യൻ കുടുംബങ്ങളിൽ നിന്ന് 7,000-ത്തിലധികം രേഖകൾ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. തിങ്കളാഴ്ച ഒരു വാർത്താസമ്മേളനത്തിൽ, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പറഞ്ഞു.

'ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ചരിത്രപരമായ രേഖകൾ ആർക്കൈവ് ചെയ്യുന്നത് വളരെ സൂക്ഷ്മമായ കാര്യമായിരുന്നു, അത് ചെയ്യാനായതിൽ എനിക്ക് സന്തോഷമുണ്ട്, കുറച്ച് സമയത്തിന് ശേഷം ഇത് നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ രേഖകളിൽ കാണാനാകും' അദ്ദേഹം കൂട്ടിച്ചേർത്തു.

'ദ ഒമാൻ കളക്ഷൻ - ആർക്കൈവൽ ഹെറിറ്റേജ് ഓഫ് ദി ഇന്ത്യൻ കമ്മ്യൂണിറ്റി ഇൻ ഒമാൻ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക ഡിജിറ്റൈസേഷനും വാമൊഴി ചരിത്ര പദ്ധതിയും 2024 മെയ് 19 മുതൽ 27 വരെയായി മസ്‌കത്തിലെ ഇന്ത്യൻ എംബസി പരിസരത്താണ് നടന്നത്. 250 വർഷമായി ഒമാനിലുള്ള 32 പ്രമുഖ ഇന്ത്യൻ കുടുംബങ്ങൾ തങ്ങളുടെ സ്വകാര്യ രേഖകൾ പദ്ധതിക്ക് നൽകുകയായിരുന്നു. പ്രവാസികളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ആർക്കൈവ് ചെയ്യുന്നതിനുമുള്ള എൻ.എ.ഐയുടെ ആദ്യ വിദേശ പദ്ധതിയാണിത്. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കാനുള്ള സുപ്രധാന ചുവടുവെപ്പുമാണിത്. വാമൊഴി ചരിത്രങ്ങൾ രേഖപ്പെടുത്തുകയും അവ ഒമാനിൽ ഡിജിറ്റൈസ് ചെയ്യുകയും ചെയ്യുന്നത് മറ്റൊരു പ്രധാന സംരംഭമാണെന്ന് എൻ.എ.ഐയിലെ ഡെപ്യൂട്ടി ഡയറക്ടർ കൽപ്പന ശുക്ല പറഞ്ഞു.

'ഇതാദ്യമായാണ് ഞങ്ങൾ വാമൊഴി ഡിജിറ്റൈസ് ചെയ്യാൻ തീരുമാനിച്ചത്, കുടുംബങ്ങളെ കാണാനും പത്ത് മുതിർന്ന അംഗങ്ങളെ രേഖപ്പെടുത്താനും എനിക്ക് അവസരം ലഭിച്ചു. ഒമാനികളും ഇന്ത്യക്കാരും എങ്ങനെയാണ് ഇത്രയും സൗഹാർദ്ദത്തോടെ ജീവിച്ചതെന്നും ബിസിനസ്, വ്യാപാര കാര്യങ്ങളിൽ പരസ്പരം വിശ്വസിക്കുന്നതെന്നും അറിയുന്നത് അതിശയകരമായിരുന്നു'കൽപ്പന പറഞ്ഞു. എൻഎഐയിലെ ഐടി വിദഗ്ധ ജെ.കെ. ലൂത്രയും അവരുടെ കൂടെയുണ്ടായിരുന്നു.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News