സലാല തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം; ആർക്കും പരിക്കില്ല
ഒമാൻ തീരത്ത് തായ് കാർഗോ കപ്പലിന് നേരെയും ഇന്ന് ആക്രമണമുണ്ടായിരുന്നു
മസ്‌കത്ത്: ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം. തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഡ്രോണുകളെ ഒമാൻ സുരക്ഷാ സേന തകർത്തെങ്കിലും, ചിലത് ഇന്ധന ടാങ്കുകളിൽ പതിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം വിനാശകരമായ നീക്കങ്ങളെ ശക്തമായി നേരിടുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കൂടുതൽ നിരീക്ഷണങ്ങൾ നടന്നുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈ ആക്രമണത്തിന് തൊട്ടുമുമ്പായി ഒമാൻ തീരത്ത് തായ് കാർഗോ കപ്പലിന് നേരെയും ആക്രമണമുണ്ടായിരുന്നു. തീരത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ വെച്ച് മയൂരീ നാരീ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഒമാൻ റോയൽ നാവികസേന ഉടൻ സ്ഥലത്തെത്തി 20 തായ് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റ ചില ജീവനക്കാരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.