Writer - razinabdulazeez
razinab@321
സലാല: ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വോട്ടർ സർവീസ് വെബ്‌സൈറ്റ് (https://voters.eci.gov.in/) നിലവിൽ പല വിദേശ രാജ്യങ്ങളിൽ നിന്നും തുറക്കാൻ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ സലാല തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിക്കുകയും അനുബന്ധ നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നതിനാൽ നിരവധി ഇന്ത്യൻ പ്രവാസികൾക്ക് അവരുടെയും കുടുംബാംഗങ്ങളുടെയും പേരു വിവരങ്ങൾ കരട് പട്ടികയിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
കൂടാതെ, ധാരാളം പ്രവാസികൾ ഫോം 6A സമർപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ നിർഭാഗ്യവശാൽ, വിദേശത്ത് നിന്ന് വെബ്‌സൈറ്റ് തുറക്കാൻ സാധിക്കാത്തതിനാൽ ഈ അവശ്യ പ്രക്രിയകൾ പൂർത്തിയാക്കുവാൻ പ്രവാസികൾക്ക് കഴിയാതെ പോകുന്നു. ഇത് വിദേശത്ത് താമസിക്കുന്ന പ്രവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയം മുൻഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.
വെബ്സൈറ്റിലെ മറ്റ് സാങ്കേതിക പ്രശ്നങ്ങളും പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദേശത്ത് ജനിച്ച പ്രവാസികൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ജനനസ്ഥലം തെരെഞ്ഞെടുക്കുമ്പോൾ അതത് രാജ്യങ്ങളുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. പുതിയ പാസ്പോർട്ടുകളിൽ ഒരു അക്ഷരം കൂടി കൂടുതലുള്ളതിനാൽ പുതിയ പാസ്പോർട്ട് ഉള്ളവർക്കും അപേക്ഷിക്കാൻ സാധിക്കുന്നില്ല.