2025 നവംബർ വരെ ഒമാനിലെത്തുന്ന വിദേശ സഞ്ചാരികളിൽ 18% വർധന
ഇന്ത്യക്കാരും എമിറാത്തികളും മുന്നിൽ
മസ്കത്ത്: ഒമാനിലേക്കുള്ള വിദേശ സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ വർധന. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബർ അവസാനം വരെയുള്ള കാലയളവിൽ സന്ദർശകരുടെ എണ്ണത്തിൽ 2024നെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇന്ത്യക്കാരും എമിറാത്തികളുമാണ് രാജ്യത്തെത്തുന്ന സന്ദർശകരിൽ മുന്നിട്ടുനിൽക്കുന്നത്.
2024ൽ 3.50 മില്യൺ ആയിരുന്ന സന്ദർശകർ 2025ൽ 3.51 മില്യണായി ഉയർന്നു. ഈ കാലയളവിൽ 6,07,789 ഇന്ത്യക്കാരാണ് രാജ്യം സന്ദർശിച്ചത്. വിനോദസഞ്ചാര മേഖലയിലെ ഈ ഉണർവ് ഹോട്ടൽ വ്യവസായത്തെയും ഗുണകരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടൽ അതിഥികളുടെ എണ്ണത്തിൽ 10.9 ശതമാനം വളർച്ച രേഖപ്പെടുത്തി. കൂടാതെ 2025ലെ ആദ്യ 11 മാസങ്ങളിൽ സ്റ്റാർ ഹോട്ടലുകളിലായി 3,744 ഒമാനികൾ ഉൾപ്പെടെ ആകെ 11,159 പേർക്ക് പുതുതായി ജോലിയും ലഭിച്ചു.