Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിൽ യൂറോപിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയാളി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കാസർകോട് സ്വദേശിയുടെ കയ്യിൽ നിന്ന് പതിനാല് ലക്ഷത്തോളം തട്ടിയെടുത്ത് കമ്പനി മുങ്ങിയതായാണ് പരാതി. തന്നെ പോലെ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നും നീതിക്കായി നിയമപരമായി മുന്നോട്ടുപോവുകയാണെന്നും പരാതിക്കാരൻ പറഞ്ഞു
വിസ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2023ൽ ആണ് പാരാതിക്കാരൻ കമ്പനിയെ സമീപിക്കുന്നത്. 1200 റിയാൽ കൊടുത്താൽ ആറുമാസത്തിനുള്ളിൽ വിസ റെഡിയാക്കി തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യ ഗഡുവായി 500 റിയാൽ കൈമാറി. മൂന്നുമാസമായിട്ടും വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കമ്പനിയെ സമീപിച്ചപ്പോൾ വിസ അപേക്ഷ തള്ളിയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കാസർകോട് സ്വദേശി പറയുന്നു.
റീ ഫണ്ടിനായി അപേക്ഷിച്ചപ്പോൾ കുറഞ്ഞ ചെലവിൽ മറ്റൊരു രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്തെന്നും ഒപ്പം തന്റെ സുഹൃത്തുകൾക്കും മറ്റും കമ്പനിയെ പരിചയപ്പെടുത്തിയാൽ വിസ ചെലവിൽ ഇളവ് തരാമെന്നും അറിയിച്ചു. ഇതേ തുടർന്ന് നാട്ടിലുള്ള സുഹൃത്തുകൾക്കും ബന്ധുക്കൾക്കും കമ്പനിയെ പരിചയപ്പെടുത്തി. ഇങ്ങനെ നിരവധി പേർ ആദ്യ ഗഡുവായി ലക്ഷങ്ങൾ കൈമാറി. ആ പണമോ വിസയോ തരാതെ പറ്റിച്ചെന്നുമാണ് പരാതി.
നിരവധി തവണ കമ്പനിയെ നേരിട്ട് സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും തന്നെ പോലെ തന്നെ തട്ടിപ്പിന്നിരയായ നിരവധിപേർ അവിടെ ഉണ്ടായിരുന്നതായും പലരെയും കമ്പനിയുടെ ക്യാബിനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇദ്ദേഹം പറയുന്നു. സി.ഇ.ഒ, മാനേജർ പോസ്റ്റുകളിലെല്ലാം മുംബൈ സ്വദേശികളാണെന്നാണ് വിവരം. നീതിക്കായി മസ്കത്ത് റൂവി കോടതിയെ സമീപിച്ച് കാത്തിരിക്കുകയാണ് പരാതിക്കാരൻ.