ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നാളെ പുലർച്ചെ വരെ കനത്ത മഴയ്ക്ക് സാധ്യത
അൽ വുസ്ത, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലാണ് മുന്നറിയിപ്പ്
മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നാളെ പുലർച്ചെ വരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പ്. അൽ വുസ്ത, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ 25 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. ഇത് വാദികളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാം.
കൂടുതൽ മഴ ഹജർ പർവതനിരകളിലും മരുഭൂ പ്രദേശങ്ങളിലും ദോഫാർ ഗവർണറേറ്റിലും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇവിടെ 10 മുതൽ 25 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴയെത്തുടർന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. വാദികൾ മുറിച്ചുകടക്കരുതെന്നും, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.