ദാഖിലിയ ഇനി പറന്നുകാണാം...; വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ്
സഹകരണ കരാറിൽ ഒപ്പുവച്ച് കമ്പനികൾ
മസ്‌കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് വരുന്നു. ഇതിനായി അൽ ഷർഖിയ ഹെലികോപ്റ്റർ ഏവിയേഷൻ കമ്പനി, ഒമാൻ അക്രോസ് ദി ഏജസ് മ്യൂസിയം, ഗോൾഡൻ തുലിപ് നിസ്‌വ ഹോട്ടൽ, അൽ ദാർ ലോഡ്ജ് എന്നിവ ബഹുകക്ഷി സഹകരണ കരാറിൽ ഒപ്പുവച്ചു.
ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രിയുടെ രക്ഷാകർതൃത്വത്തിലാണ് കരാർ ഒപ്പുവച്ചത്. ഒമാൻ അക്രോസ് ഏജസ് മ്യൂസിയം, നിസ്‌വ വിലായത്ത് എന്നീ സ്ഥലങ്ങൾക്കിടയിലുള്ള വ്യോമ ഗതാഗതം ഇത് സുഗമമാക്കും.
കരാർ പ്രകാരം, അൽ ഷർഖിയ എയർ ഉപഭോക്താക്കൾക്ക് സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അനുഭവങ്ങൾക്ക് ഒമാൻ അക്രോസ് ദി ഏജസ് മ്യൂസിയം അവസരം നൽകും. പകരം മ്യൂസിയം അതിഥികൾക്ക് മാത്രമായി ടൂറിസ്റ്റ്, സ്വകാര്യ വിമാന സർവീസുകൾ വ്യോമയാന കമ്പനി നടത്തും. ആവശ്യമെങ്കിൽ സംയുക്ത പരിപാടികൾ സംഘടിപ്പിക്കാനും അടിയന്തര എയർ ആംബുലൻസ് സേവനങ്ങൾ നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്.