ഒമാനിലെ ഹോട്ടൽ വരുമാനം 243.4 ദശലക്ഷം റിയാലായി; 6.2% വർധന
എത്തിയത് 21,45,579 അതിഥികൾ
മസ്‌കത്ത്: ഒമാനിലെ ഹോസ്പിറ്റാലിറ്റി വ്യവസായം 2024 ൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 3 മുതൽ 5 സ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ നിന്നുള്ള മൊത്തം വരുമാനം ഡിസംബറോടെ 243.4 ദശലക്ഷം റിയാലിലെത്തി, 2023 ലെ 229.3 ദശലക്ഷം റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 6.2% വർധനവാണുള്ളത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) ആണ് കണക്ക് പുറത്തുവിട്ടത്.
ഹോട്ടൽ അതിഥികളുടെ എണ്ണത്തിലുണ്ടായ 3.6% വർധനവ് വരുമാനം കൂടാൻ കാരണമായി. 2023 ലെ 2,071,169 നെ അപേക്ഷിച്ച് ആകെ 21,45,579 അതിഥികളാണ് എത്തിയത്. അതേ കാലയളവിൽ ഒക്യുപൻസി നിരക്ക് 2.1% വർധിച്ചു.
ഒമാനി അതിഥികളുടെ എണ്ണം 4.5% വർധിച്ച് 804,291 ആയി. മൊത്തം അതിഥികളിൽ 198,535 പേർ ഗൾഫ് വിനോദസഞ്ചാരികളായിരുന്നു. മറ്റു അറബ് സന്ദർശകരുടെ എണ്ണം 103,034 ആയി ഉയർന്നു, ഇത് മുൻ വർഷത്തേക്കാൾ 10.3% വർധനവാണ് കാണിക്കുന്നത്.
യൂറോപ്പിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 4.3% വർധിച്ച് 539,470 ആയി. അമേരിക്കൻ നാടുകളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 6.9% വർധിച്ച് 61,751 ആയി. അതേസമയം ആഫ്രിക്കൻ സന്ദർശകരുടെ എണ്ണം ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തി, 9.2% വർധിച്ച് 12,742 ആയി.
ഏഷ്യയിൽ നിന്ന് 311,150 സന്ദർശകരെത്തി. 2023 നെ അപേക്ഷിച്ച് 4.7% വർധനവ് രേഖപ്പെടുത്തി. എന്നാൽ, ഓഷ്യാനിയ മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയ ഏക മേഖല, അവിടെനിന്നുള്ള അതിഥികളുടെ എണ്ണം 26.1% കുറഞ്ഞ് 33,052 ആയി.