സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും
19 വർഷത്തിനിടെയുള്ള ഒമാന്റെ ആദ്യ സ്വതന്ത്ര വ്യാപാര കരാർ
മസ്‌കത്ത്: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(സിഇപിഎ)ൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പുവെച്ചത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും പ്രധാനമന്ത്രി മോദിയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. 19 വർഷത്തിനിടെയുള്ള ഒമാന്റെ ആദ്യ സ്വതന്ത്ര വ്യാപാര കരാറാണ് സിഇപിഎ. 2006 ൽ അമേരിക്കയുമായുള്ള കരാറിനുശേഷമുള്ള രണ്ടാമത്തെ ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുമാണ്.
ചരക്കുനീക്കവും സേവനങ്ങൾ ലഭ്യമാക്കലും സുഗമമാക്കുന്നതിലൂടെ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് കരാർ. ഊർജം, സാങ്കേതികവിദ്യ, ഉൽപ്പാദനം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു.
കരാർ വിപണി പ്രവേശനം വർധിപ്പിക്കുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വ്യാപാരം, ഉൽപ്പാദനം, ലോജിസ്റ്റിക്‌സ്, വളർന്നുവരുന്ന വ്യവസായങ്ങൾ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.