മുങ്ങിയ വാണിജ്യ കപ്പലിലെ ഇന്ത്യൻ ജീവനക്കാർ സലാലയിൽനിന്ന് നാട്ടിലേക്ക് മടങ്ങി
ജൂൺ 21 നാണ് ഫീനിക്‌സ് 15 എന്ന വാണിജ്യ കപ്പൽ അപകടത്തിൽപ്പെട്ട് മുങ്ങിയത്
കപ്പൽ അപകടത്തെ തുടർന്ന് സലാലയിൽ കുടുങ്ങിയ ഇന്ത്യക്കാരെ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ യാത്രയാക്കുന്നു
സലാല: കപ്പൽ മുങ്ങിയതിനെ തുടർന്ന് ഒമാനിലെ സലാലയിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാർ ഇന്നലെ നാട്ടിലേക്ക് മടങ്ങി. രേഖകൾ പൂർത്തിയാക്കി ജൂലൈ എഴിന് വൈകിട്ട് ആറിനുള്ള എയർ അറേബ്യ ഫ്‌ളൈറ്റിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചതെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ പറഞ്ഞു. മൂന്ന് ഇന്ത്യക്കാർ നേരത്തെ നാട്ടിലേക്ക് തിരിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 21 നാണ് ജബൽ അലിയിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന കൊമോറോസ് പതാകയുള്ള ഫീനിക്‌സ് 15 എന്ന വാണിജ്യ കപ്പൽ അപകടത്തിൽപ്പെട്ട് മുങ്ങിയത്. സമീപത്തുണ്ടായിരുന്ന ഗൾഫ് ബറക എന്ന മറ്റൊരു വാണിജ്യ കപ്പലാണ് ഇതിലുണ്ടായിരുന്ന 20 പേരെയും രക്ഷപ്പെടുത്തിയത്. സലാലക്കു ഇരുപത് നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായിട്ടായിരുന്നു അപകടം. മുങ്ങിയ കപ്പലിൽ 240 കണ്ടെയ്‌നറും ഉണ്ടായിരുന്നു. മാരിടൈം സെക്യൂരിറ്റി സെന്ററാണ് അപകട വിവരം പുറത്തറിയിച്ചത്.
13 ഇന്ത്യക്കാരെ കൂടാതെ ഇന്തോനേഷ്യ 2, മ്യാന്മാർ 2, ഇറാൻ 3 എന്നിവിടങ്ങളിൽ നിന്നുള്ളവരും കപ്പലിൽ ഉണ്ടായിരുന്നു. മലയാളികൾ 4, തമിഴ്‌നാട് 2, മഹാരാഷ്ട്ര 2, ഗുജറാത്ത് 2, ബിഹാർ 2, യു.പി 1 എന്നിങ്ങനെയായിരുന്നു ഇന്ത്യക്കാരുടെ എണ്ണം. കപ്പൽ ഉടമകൾ സ്ഥലത്തെത്തിയാണ് നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്. നേരത്തെയും സലാല തീരത്ത് കപ്പൽ മുങ്ങി ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടിരുന്നു.