വ്യാപാര ബന്ധം വർധിപ്പിക്കൽ: ഇന്ത്യ-ഒമാൻ നെറ്റ്‌വർക്കിന് തുടക്കം കുറിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി

നെറ്റ്‌വർക്കിന്റെ ലോഗോ ഒമാൻ വാണിജ്യ മന്ത്രാലയം ഉപദേശകൻ പങ്കജ് ഖിംജി പ്രകാശനം ചെയ്തു

Update: 2025-09-18 17:04 GMT

മസ്‌കത്ത്:വ്യാപാര ബന്ധം വർധിപ്പിക്കുന്നതിനായി ഇന്ത്യ-ഒമാൻ നെറ്റ്വർക്കിന് തുടക്കം കുറിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി. 70 വർഷത്തെ ഔപചാരിക നയതന്ത്ര ബന്ധങ്ങളും 200 വർഷത്തെ അടുത്ത ഇടപെടലും 5000 വർഷത്തെ ചരിത്ര ബന്ധവുമാണ് ഇന്ത്യയും ഒമാനും തമ്മിലുള്ളത്. അവസരങ്ങളും സഹകരണവും തന്ത്രപരമായ പങ്കാളിത്തവും വളർത്തിയെടുത്ത വർഷങ്ങൾ. ഇത്തരത്തിലുള്ള ഇന്ത്യ - ഒമാൻ വ്യാപാര ബന്ധം വർധിപ്പിക്കുന്നതിനായാണ് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ത്യ-ഒമാൻ നെറ്റ്വർക്കിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഇന്ത്യ-ഒമാൻ നെറ്റ്വർക്കിന്റെ ഔദ്യോഗിക ലോഗോ ഒമാൻ വാണിജ്യ മന്ത്രാലയം ഉപദേശകൻ പങ്കജ് ഖിംജി ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഒമാനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം പങ്കജ് ഖിംജി ചൂണ്ടിക്കാട്ടി. അണിയറയിൽ കൂടുതൽ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര വ്യാപ്തിയും സംയുക്ത നിക്ഷേപങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. ഒമാനിലെ സംരംഭകർ ഇന്ത്യൻ വിപണിയിൽ സജീവമാണ്. എല്ലാ സംരംഭങ്ങളെയും പിന്തുണക്കാൻ ഒ.സി.സി.ഐ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെയും ഒമാന്റെയും ഭാവി പാതകൾ വിഭാവനം ചെയ്യുന്ന ഒത്തുകൂടലാണെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News