Writer - razinabdulazeez
razinab@321
മസ്കത്ത്: രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ ജ്വലിക്കുന്ന ഓര്‍മയാണ് വി.എസ് അച്യുതാനന്ദനെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ അനുസ്മരിച്ചു. ജനകീയ വിഷയങ്ങളില്‍ എന്നും മുന്നില്‍ നിന്നിരുന്ന വി.എസ് തന്റെ രാഷ്ട്രീയ ജീവിതത്തെ സ്വന്തം പാര്‍ട്ടിക്കപ്പുറത്തേക്കും പ്രസക്തിയുള്ളതാക്കി മാറ്റി. ജനങ്ങളുടെ ഇടയില്‍ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച നേതാവിന് കേരളത്തിന്റെ ആകെ പ്രതീക്ഷയുടെ മുഖമായി മാറാന്‍ സാധിച്ചു. സാധാരണക്കാരന്റെ ശബ്ദമായി ഇത് മാറുകയും ചെയ്തു. പ്രവാസി വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും സാന്ത്വനം പകരുകയും ചെയ്ത വി.എസിന്റെ കാലത്ത് മലയാളം മിഷന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ക്ക് മികച്ച അടിത്തറ പാകുകയും ചെയ്തു. വി.എസ് എന്ന അതികായന്‍ നടന്നു മറയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ അവസാനിക്കുന്നത് ഐതിഹാസികമായ ഒരു കാലം കൂടിയാണെന്നും മീഡിയ ഫോറം ഭാരവാഹികള്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.