ഇന്ത്യൻ സ്‌കൂൾ സലാല ദോഫാർ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ബീച്ച് ശുചീകരണം നടത്തി
വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും സേവന മനോഭാവവും വളർത്തുക എന്നതായിരുന്നു ലക്ഷ്യം
സലാല: ഇന്ത്യൻ സ്‌കൂൾ സലാലയിലെ എച്ച്എസ്സി ക്ലബ്ബും, എക്കോ ക്ലബും ചേർന്ന് ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ദാരീസ് ബീച്ച് ശുചീകരിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും സേവന മനോഭാവവും വളർത്തുക എന്നതായിരുന്നു ലക്ഷ്യം. സബ് കമ്മിറ്റി ചെയർമാൻ ഡോ: ഷാജി പി. ശ്രീധർ പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽ നിന്ന് തന്നെ ശുചിത്വ ശീലം അഭ്യസിച്ച് സമൂഹത്തിന്റെ ആരോഗ്യവും പരിസ്ഥിതി സരക്ഷണവും സാധ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ ഇൻസ്‌പെക്ടർ മുഹമ്മദ് അൽ ഗസാൽ മുഖ്യാതിഥിയായിരുന്നു. ക്ലീനിംഗ് ഉപകരണങ്ങൾ മുനിസിപ്പാലിറ്റിയാണ് നൽകിയത്. വൈകിട്ട് നടന്ന ശുചീകരണ യജ്ഞത്തിൽ നിരവധി വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി. വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഡോ. വിപിൻ ദാസ്, സാമൂഹ്യശാസ്ത്ര വിഭാഗം മേധാവി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.