സേവനം നൽകിയില്ല, പണവും; മസ്‌കത്തിൽ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിന് പിഴ

ഓരോ പ്രതിയും 300 റിയാൽ പിഴ നൽകണമെന്നാണ് വിധി, നിയമചെലവുകൾ നൽകാനും ഉത്തരവ്

Update: 2026-01-08 12:20 GMT

മസ്‌കത്ത്: സേവന മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ഉപഭോക്താവിന്റെ പണം തിരികെ നൽകാൻ വിസമ്മതിച്ചതിനും മസ്‌കത്തിൽ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിന് പിഴ. ഓരോ പ്രതിയും 300 റിയാൽ പിഴ നൽകണമെന്ന് മസ്‌കത്ത് ഗവർണറേറ്റിലെ പ്രാഥമിക കോടതി വിധിച്ചു. ഉപഭോക്തൃ അവകാശ ലംഘനത്തിനാണ് പിഴ ചുമത്തിയത്. അക്രിലിക് ഗ്ലാസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാർ പ്രകാരമുള്ള സേവനം നൽകിയില്ലെന്നും മുൻകൂർ അടച്ച പണം തിരികെ നൽകിയില്ലെന്നും കാണിച്ച് പരാതിക്കാർ നിയമനടപടി സ്വീകരിച്ചതിനെ തുടർന്നാണ് വിധി.

462 റിയാൽ മൂല്യമുള്ള അക്രിലിക് ഗ്ലാസ് സ്ഥാപിക്കാനായി സ്ഥാപനവുമായി ഉപഭോക്താവ് കരാറിൽ ഏർപ്പെടുകയായിരുന്നു. കമ്പനിയുടെ ഒരു ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് പണം പൂർണമായി അടക്കുകയും ചെയ്തു. എന്നാൽ ആവശ്യമായ വസ്തുക്കൾ ലഭ്യമല്ലെന്ന് അറിയിക്കുകയും 256.300 റിയാൽ തിരികെ നൽകുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള 205.700 റിയാൽ ലഭിക്കാൻ സ്ഥാപനം സന്ദർശിക്കാൻ ആവശ്യപ്പെട്ടു. പണം തിരികെ നൽകിയില്ല. ഇതോടെ ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് പരാതി സമർപ്പിച്ചു. തുടർന്ന് അതോറിറ്റി സ്ഥാപന ഉടമയുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ ഔദ്യോഗിക പേയ്മെന്റ് നടപടിക്രമങ്ങൾ പാലിക്കാതെ ഉപഭോക്താവ് മുഴുവൻ തുകയും ജീവനക്കാരന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും ജീവനക്കാരൻ സ്ഥാപനത്തിന് പണം നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് പേയ്മെന്റിന്റെ ഒരു ഭാഗം മാത്രമേ തിരികെ നൽകുകയും ബാക്കി തുക തടഞ്ഞുവയ്ക്കുകയും ചെയ്തതെന്നും ഉടമ അറിയിച്ചു. ഉപഭോക്താവ് മുഴുവൻ കരാർ തുകയും വീണ്ടും അടച്ചാൽ മാത്രമേ സേവനം പൂർത്തിയാക്കാൻ കഴിയൂവെന്നും പറഞ്ഞു.

ഇതോടെ സവനം ശരിയായി നൽകുന്നതിൽ പരാജയപ്പെട്ട പ്രതികളെ കോടതി കുറ്റക്കാരായി വിധിക്കുകയായിരുന്നു. ഓരോ പ്രതിക്കും 300 റിയാൽ പിഴ ചുമത്തുകയും നിയമപരമായ ചെലവുകൾ നൽകാൻ ഉത്തരവിടുകയും ചെയ്തു. സിവിൽ ക്ലെയിം സിവിൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News