Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ സോഷ്യൽ മീഡിയയിൽ കുറച്ചുദിവസമായി സോഹാറിലെ ചക്കവിശേഷമാണ് ഏറെയും. സമൃദ്ധമായി ചക്കവിളഞ്ഞ് നിൽക്കുന്ന തോട്ടം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികളടക്കമുള്ള നിരവധി പ്രവാസികളാണ് ദിനേന എത്തുന്നത്. തോട്ടം ഹിറ്റായതോടെ ചക്ക വിളവെടുപ്പും വിൽപ്പനയും പൊടിപൊടിച്ചു.
ചക്ക കിലോക്ക് 800 ബൈസയാണ് ഈടാക്കിയത്. മസ്‌കത്തിൽ നിന്നടക്കം ആളുകൾ ചക്ക വാങ്ങാനും തോട്ടം കാണാനും എത്തിയിരുന്നു. തോട്ടം സ്വദേശിയുടേതാണെങ്കിലും ബംഗ്ലാദേശികളാണ് നടത്തിപ്പുകാർ. ചക്ക മാത്രമല്ല മാമ്പഴവും വിൽപ്പനക്കുണ്ടായിരുന്നു. മലയാളികൾ മാത്രമല്ല മറ്റു സംസ്ഥാനക്കാരും ചക്ക വാങ്ങാൻ എത്തുന്നുണ്ടെന്നും ജോലിക്കാർ പറയുന്നു. മാവിൽ നിന്ന് നേരിട്ട് മാമ്പഴം പറിക്കാനുള്ള അവസരവുമുണ്ട്. അതിനായി സന്ദർശകർക്ക് തോട്ടിയും നൽകും. ഇങ്ങനെ പറിച്ചെടുക്കുന്ന മാമ്പഴം സഞ്ചിയിലാക്കി തൂക്കി പണം കൊടുത്ത് കൊണ്ടുപോകാം. ചക്കയും പ്ലാവും ഒമാനിലെ പല തോട്ടങ്ങളിലുമുണ്ട് പക്ഷെ സോഹാറിലെ തോട്ടം വ്യത്യസ്തമാണ്. വലിയ പ്ലാവിൽ അടിമുതൽ മുകൾ വരെ ചക്ക കായ്ച് നിൽക്കുന്നത് കാണാം. അങ്ങനെ ഹിറ്റായ പ്ലാവിൻ തോട്ടം കാണാൻ പ്രവാസികളുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്.