ഒമാനിലെ ജബൽ അഖ്ദറിൽ കഴിഞ്ഞ വർഷമെത്തിയത് 2.22 ലക്ഷത്തിലധികം സന്ദർശകർ
മുൻ വർഷത്തെ അപേക്ഷിച്ച് 9.1% വർധനവ്
മസ്കത്ത്: ഒമാനിലെ ദാഖിലിയ്യ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ കഴിഞ്ഞ വർഷമെത്തിയത് 2,22,151 സന്ദർശകർ. 2024-ലെ ഇതേ കാലയളവിലെ 2,03,629 സന്ദർശകരെ അപേക്ഷിച്ച് 9.1 ശതമാനം വർധനവാണിത്. ദേശീയ സ്ഥിതിവിവരക്കണക്ക് കേന്ദ്രമാണ് കണക്കുകൾ പുറത്തുവിട്ടത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരിൽ യഥാക്രമം ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ളരാണ്. മറ്റു വിദേശ രാജ്യങ്ങളിലുള്ളവരും സന്ദർശകരിലുണ്ട്.
വേനൽകാലത്തെ മിതമായ കാലാവസ്ഥയും ശൈത്യകാലത്തെ തണുപ്പും കാരണം ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ജബൽ അഖ്ദർ. നിരവധി ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസ്റ്റ് ലോഡ്ജുകൾ, സാംസ്കാരിക-വിനോദ പരിപാടികൾ എന്നിവയും സന്ദർശകരെ ആകർഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഇക്കോ-ടൂറിസത്തിനും സാഹസിക ടൂറിസത്തിനും പ്രശസ്തമായ പ്രദേശമാണിത്. താഴ്വരകളിലൂടെയുള്ള ട്രെക്കിങ്, ഗുഹാ പര്യവേക്ഷണം, മലകയറ്റം തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം പ്രാദേശിക ഗ്രാമീണ സംസ്കാരം അനുഭവിക്കാനുള്ള അവസരവും ലഭിക്കുന്നു.