രോഹന്റെ ബാറ്റിങ് കരുത്തിൽ കേരളം; നാളെ ഒമാനെതിരെ നിർണായക പോരാട്ടം

ഒമാൻ ടൂറിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയിൽ 2 - 1ന് മുന്നിലാണ് കേരളം

Update: 2025-04-26 15:40 GMT
Editor : Thameem CP | By : Web Desk

ഒമാൻ ടൂറിന്റെ ഭാഗമായുള്ള ഏകദിന പരമ്പര സ്വന്തമാക്കാനൊരുങ്ങുകയാണ് കേരളം. നാല് മത്സരങ്ങളുള്ള പരമ്പരയിൽ 2 - 1 ന് കേരളം മുന്നിലാണ്. നാളെയാണ് ഒമാനെതിരെയുള്ള അവസാന മത്സരം. പരമ്പരയിൽ രണ്ട് സെഞ്ചുറിയുമായി തകർപ്പൻ ഫോമിൽ നിൽക്കുന്ന രോഹൻ കുന്നുമ്മലിന്റെ ബാറ്റിങ് മികവിലാണ് കേരളം മൂന്നാം ഏകദിനവും കൈപ്പിടിയിലൊതുക്കിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് കേരളം തുടങ്ങിയത്. രോഹൻ കുന്നുമ്മസിന്റെ സെഞ്ചുറി മികവിൽ ആതിഥേയർ ഉയർത്തിയ 326 എന്ന കൂറ്റൻ സ്‌കോർ മറികടക്കുകയായിരുന്നു. ഈ മത്സരത്തിൽ ഒമാൻ നിരയിൽ ക്യാപ്റ്റൻ ജതീന്ദർ സിങ് തകർത്തടിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ കേരളം വീണു. 32 റൺസിന്റെ പരാജയമാണ് സന്ദർശകർ ഏറ്റുവാങ്ങിയത്. ഒമാൻ ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള കേരളത്തിന്റെ ശ്രമം 10 വിക്കറ്റ് നഷ്ടത്തിൽ 262 റൺസിന് അവസാനിച്ചു. കേരളത്തിനായി അസ്ഹറുദ്ദീനും ഗോവിന്ദ് ദേവും സൽമാൻ നിസാറും അർദ്ധ സെഞ്ച്വുറി നേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റെടുത്ത മുജീബു ഉർ അലിയാണ് കേരളത്തിന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തിൽ കേരളം ഇതിന് പകരം വീട്ടി. 76 റൺസിന്റെ തകർപ്പൻ ജയം. കേരളം ഉയർത്തിയ 296 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഒമാനായില്ല. ഒമാൻ ബാറ്റിങ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസിന് അവസാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ബേസിലും കേരള ബോളിങ് നിരയിൽ തിളങ്ങി. പരമ്പരയിൽ രണ്ടാം സെഞ്ചുറിയുമായി റോഹൻ കുന്നുമ്മൽ സ്റ്റാറായി. 95 പന്തിൽ 130 റൺസാണ് രോഹൻ കഴിഞ്ഞ ദിവസം അടിച്ചെടുത്തത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News