ഒമാനിലെ സാധാരണ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ തൊഴിൽ നിയമലംഘനങ്ങൾ ഒന്നാമത്
തൊഴിൽനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 12,407 കേസുകൾ ആണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്
മസ്‌കത്ത്: ഒമാനിലെ സാധാരണ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ തൊഴിൽ നിയമലംഘനങ്ങൾ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒരുവർഷത്തെ കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പബ്ലിക് പ്രോസിക്യൂഷന്റെ വാർഷിക സമ്മേളനത്തിൽ വിശദീകരിക്കവെയാണ് അധികൃതർ ഇത് വ്യക്തമാക്കിയത്. തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 12,407 കേസുകൾ ആണ് ഒരു വർഷം രജിസ്റ്റർ ചെയ്തത്. ചെക്കുകൾ മടങ്ങുന്നതുമായി ബന്ധപ്പെട്ട 9,699 കേസുകളും രജിസ്റ്റർ ചെയ്തു. വിദേശികളുടെ താമസ നിയമ ലംഘനങ്ങളിൽ 9,154 കേസുകൾ എടുത്തിട്ടുണ്ട്. വഞ്ചന, മോഷണം, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങൾ യഥാക്രമം 5,343 ഉം 4,002 മാണ്. ഇ-സർവിസസ് പോർട്ടൽ വഴി 45,538 കേസുകൾ ലഭിച്ചു.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മസ്‌കത്ത് ഗവർണറേറ്റിലാണ്. 20,852 കേസുകളാണ് മസ്‌കത്തിൽ രജ്സ്റ്റർ ചെയ്തത്. 7,500 കേസുകളുമായി വടക്കൻ ബാത്തിനയാണ് തൊട്ടുപിന്നിൽ. കഴിഞ്ഞ വർഷത്തെ ആകെ പ്രതികളുടെ എണ്ണം 58,858 ആയിരുന്നു. അതേസമയം ഒമാനിൽ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ഒരുസമർപ്പിത സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂട്ടർ നാസർ ബിൻ ഖാമിസ് അൽ സവായ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്ന പല പോസ്റ്റുകളും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വ്യാജ വാർത്തകളെ ചെറുക്കേണ്ടതുണ്ടെനും അദ്ദേഹം ചൂണ്ടിക്കാട്ടി.