ആമിറാത്തിലെ ഖബറിസ്ഥാനിൽ ജോലി ചെയ്തിരുന്ന ഏക മലയാളിയും നാടണയുന്നു
മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ അയ്യായിരത്തോളം മൃതദേഹങ്ങളാണ് മറവ് ചെയ്തിട്ടുള്ളത്
മസ്‌കത്ത്: മസ്‌കത്തിലെ ആമിറാത്തിലെ ഖബറിസ്ഥാനിൽ ജോലി ചെയ്തിരുന്ന ഏക മലയാളിയും നാടണയുന്നു, തിരൂർ കൂട്ടായ് സ്വദേശി എടപ്പയിൽ മൂസയാണ് മുപ്പത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാളെ നാട്ടിലേക്ക് തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ അയ്യായിരത്തോളം മൃതദേഹങ്ങളാണ് അദ്ദേഹം മറവ് ചെയ്തിട്ടുള്ളത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് മസ്‌കത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് മൂസാക്ക ഒമാനിൽ എത്തുന്നത്. ആദ്യത്തെ ഒരു വർഷം ശുചീകരണ തൊഴിലാളിയായിരുന്നു. പിന്നീട് ഖബർസ്ഥാനിലേക്ക് ആളെ വേണമെന്ന് പറഞ്ഞപ്പോഴാണ് ആമിറത്തിലെത്തുന്നത്. പിന്നീടുള്ള കാലം ഇവിടെയായിരുന്നു തന്റെ ജീവിതമെന്നും ജോലി മനസ്സിന് സംതൃപ്തി നൽകുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോലി വിട്ട് പോവാൻ പ്രയാസമുണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാലാണ് നാട്ടിലേക്ക് തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരേ സമയം ആമിറാത്തിൽ 50 ഖബറുകൾ എങ്കെിലും തയാറുണ്ടാവും. ഒരു ഖബർ കുഴിക്കാൻ മൂന്ന് ദിവസമാണ് എടുക്കുക. ആദ്യ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുകയും ഒന്നാം ഖബർ ഉണ്ടാക്കുകയും നനച്ചിടുകയും ചെയ്യും. രണ്ടാം ദിവസം പകുതി ഖബർ കുഴിക്കും. മൂന്നാം ദിവസമാണ് ഖബർ പൂർത്തിയാക്കുക. കോവിഡ് കാലത്തായിരുന്നു ഏറ്റവും പ്രയാസം നേരിട്ടതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കെഎംസിസി അടക്കം വിവിധ പ്രവാസി കൂട്ടായ്മകൾ മൂസക്കാക്ക് അനുമോദനവും യാത്രയയപ്പും നൽകി. ഒമാൻ എയറിൽ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.