ഒമാനിലെ അൽ മവാലയിൽ ഫുഡ് ട്രക്കുകൾക്ക് പുതിയ ഇടമൊരുക്കി മസ്കത്ത് മുനിസിപ്പാലിറ്റി
'മസാർ' സംരംഭത്തിന് കീഴിലാണ് പദ്ധതി
മസ്കത്ത്: ഒമാനിലെ അൽ മവാലയിൽ ഫുഡ് ട്രക്കുകൾക്ക് പുതിയ ഇടമൊരുക്കി മസ്കത്ത് മുനിസിപ്പാലിറ്റി. ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) പിന്തുണയ്ക്കുന്നതിനും തെരുവ് കച്ചവടത്തിൽ ഘടന കൊണ്ടുവരുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി "മസാർ" സംരംഭത്തിന് കീഴിലാണ് പദ്ധതി. ഫുഡ് ട്രക്ക് ഓപ്പറേറ്റർമാർക്ക് പൂർണ സൗകര്യങ്ങളോടുകൂടിയ നിയന്ത്രിത ഇടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് മേഖലയിലെ ബിസിനസ് അവസരങ്ങൾ വർധിപ്പിക്കുകയും സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.
നിയുക്ത പാർക്കിങ്, ഇരിപ്പിടങ്ങൾ, അവശ്യ യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടുന്ന സൈറ്റ് മൊബൈൽ ഭക്ഷണ വ്യാപാരികൾക്ക് ക്രമീകൃതമായ അന്തരീക്ഷം ഒരുക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതിന് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിലൂടെ സോഹർ അന്താരാഷ്ട്ര ബാങ്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പൂർണമായും സജ്ജീകരിച്ച 25 ഫുഡ് ട്രക്കുകൾ സൈറ്റിലേക്ക് ബാങ്ക് സംഭാവന ചെയ്തു. കുറഞ്ഞ സ്റ്റാർട്ടപ്പ് ചെലവിൽ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാകുന്നതാണിത്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും നഗരാസൂത്രണം മെച്ചപ്പെടുത്താനുമുള്ള മുനിസിപ്പാലിറ്റിയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് മസാർ. ഒമാനിലെ എസ്എംഇ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മസാർ പദ്ധതി കൂടുതൽ യുവ സംരംഭകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.