മകളുടെ മരണത്തിൽ നൊന്ത് നജീബിന്റെ മകൻ സഫീർ ശുക്കൂർ

ഉപ്പയുടെ കഥ പറയുന്ന 'ആടുജീവിതം' കുടുംബത്തോടൊപ്പം കാണാൻ ഇന്ന് നാട്ടിലേക്ക് പോകേണ്ടിയിരുന്ന സഫീറിനെ തേടിയെത്തിയത് ഒന്നരവയസുകാരിയായ മകളുടെ മരണവാർത്ത

Update: 2024-03-24 04:54 GMT
Advertising

മസ്‌കത്ത്:പ്രവാസ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങളുടെ പ്രതീകമാണ് ആടുജീവിതത്തിലെ നജീബ്. ജീവിക്കാൻ മസ്‌കത്തിലേക്ക് വിമാനം കയറിയ നജീബിന്റെ മകൻ സഫീർ ശുക്കൂറിന് അപ്രതീക്ഷിതമായി ഇന്നലെ നേരിടേണ്ടി വന്നത് ഹൃദയം നുറുങ്ങുന്ന അനുഭവമാണ്. ഉപ്പയുടെ കഥ പറയുന്ന 'ആടുജീവിതം' കുടുംബത്തോടൊപ്പം കാണാൻ ഇന്ന് നാട്ടിലേക്ക് പോകേണ്ടിയിരുന്ന സഫീറിനെ തേടിയെത്തിയത് ഒന്നരവയസുകാരിയായ മകൾ സഫാ മറിയമിന്റെ (ഒന്നേകാൽ വയസ്) മരണവാർത്തയാണ്.

ആടുജീവിതത്തിലെ നജീബിന്റെ മകൻ ആറാട്ടുപുഴ തറയിൽ സഫീർ ശുക്കൂർ മസ്‌കത്ത് വാദികബീറിലെ നെസ്റ്റോ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തിന്റെ അഭിമുഖം തയാറാക്കാനാണ് മീഡിയവൺ സംഘം എത്തിയത്. ന്യൂമോണിയ ബാധിച്ച് മകൾ സഫ മറിയം ആശുപത്രിയിലായതിനാൽ സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല സഫീർ. മനസ് മുഴുവൻ മകൾക്കൊപ്പം നാട്ടിലായിരുന്നു. എങ്കിലും സംഘത്തെ നിരാശരാക്കാതിരിക്കാൻ കാമറക്ക് മുന്നിലെത്തി. തന്നെ പ്രവാസിയാക്കാൻ ഉപ്പക്ക് ഒട്ടും താൽപര്യമില്ലായിരുന്നുവെന്ന് ഇപ്പോഴും ആധിയാണെന്നും സഫീർ പറഞ്ഞു. സിനിമ ഇറങ്ങുമ്പോൾ കുടുംബത്തോടൊപ്പം കാണാണം. പക്ഷെ ഉമ്മ സഫിയക്ക് എത്രമാത്രം ഉപ്പയുടെ ജീവിതം സ്‌ക്രീനിൽ കണ്ട് പിടിച്ചുനിൽക്കാനാവുമെന്ന് അറിയില്ലെന്നും സഫീർ പറഞ്ഞു.

ഈ അഭിമുഖം പൂർത്തിയാക്കി മീഡിയവൺ സംഘം മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്ന മകൾ സഫ മറിയത്തിന്റെ വിയോഗ വാർത്ത സഫീറിനെ തേടിയെത്തുന്നത്. ഇതോടെ യാത്ര നേരത്തേയാക്കി ഇന്നലെ തന്നെ സഫീർ ആലപ്പുഴ ഹരിപ്പാട്ടെ വീട്ടിലേക്ക് തിരിച്ചു. ഒന്നരവയസുകാരി അരുമമകളെ അവസാനമായി ഒരു നോക്ക് കാണാൻ.

ശ്വാസമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് സഫാ മറിയമിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച നാലരയോടെയാണ് മരിച്ചത്. സഫീർ-മുബീന ദമ്പതികളുടെ ഏകമകളാണ്. മസ്‌കത്തിലെ വാദി കബീറിലെ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്‌സ് ആൻഡ് വെജിറ്റബ്ൾ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ് സഫീർ. കുട്ടിയുടെ ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. നജീബിന്റെ ജീവിതം പ്രമേയമാകുന്ന ആടുജീവിതം വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തുന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News