ഒമാനിൽ പുതിയ സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി; ഉദ്ഘാടനം തിങ്കളാഴ്ച

ചെലവിട്ടത് 1.82 കോടി റിയാൽ

Update: 2026-01-10 12:34 GMT

മസ്‌കത്ത്: ഒമാനിലെ പുതിയ സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. മസ്‌കത്ത് ഗവർണറേറ്റിലെ സീബിലാണ് ആരോഗ്യ മന്ത്രാലയം ഹെൽത്ത് ലബോറട്ടറി നിർമിച്ചിരിക്കുന്നത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തോട് അനുബന്ധിച്ചാണ് ലാബ് ഉദ്ഘാടനം.

1.82 കോടി റിയാൽ ചെലവിൽ 18,155 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ലാബ് നിർമിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന ലബോറട്ടറി സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വൈറോളജി, ബാക്ടീരിയോളജി, കെമിസ്ട്രി, ടോക്‌സിക്കോളജി, ജനിറ്റിക് സീക്വൻസിങ്, ബയോഇൻഫോർമാറ്റിക്‌സ് എന്നിവയിൽ വിപുല ഡയഗ്‌നോസ്റ്റിക്, ലബോറട്ടറി സേവനങ്ങൾ നൽകുന്ന പ്രത്യേക ദേശീയ, പ്രാദേശിക റഫറൻസ് സെന്ററായി സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി പ്രവർത്തിക്കും. പകർച്ചവ്യാധി നിരീക്ഷണം, കണ്ടെത്തൽ, പ്രതിരോധം എന്നിവയിൽ പ്രധാന പങ്ക് വഹിക്കും. ഈ രംഗത്ത് ഒമാന്റെ ശേഷി ശക്തിപ്പെടുത്തും.

ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ബയോ സേഫ്റ്റി മാനദണ്ഡങ്ങൾ പാലിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ലബോറട്ടറി. ഉയർന്ന അപകടസാധ്യതയുള്ള രോഗാണുക്കളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനായി ബയോ സേഫ്റ്റി ലെവൽ 2, 3 എന്നിവയിൽ പ്രവർത്തിക്കുന്ന ലബോറട്ടറികൾ ഇവിടെയുണ്ട്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ലെക്ചർ ഹാൾ, ലൈബ്രറി, മീറ്റിങ് റൂമുകൾ, പരിശീലന ലബോറട്ടറികൾ, ആരോഗ്യ ഉദ്യോഗസ്ഥർക്ക് പ്രൊഫഷണൽ വികസനവും ശേഷി വർധിപ്പിക്കലും നൽകാനായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ എന്നിവയുമുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News