ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണം അവസാനഘട്ടത്തിലേക്ക്
അൽ ഖൂദിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ
മസ്‌കത്ത്:സീബ് വിലായത്തിലെ അൽ ഖൂദിൽ നിർമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ പുരോഗതി മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അവലോകനം ചെയ്തു, 500 ഹെക്ടറിൽ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനാണ് ഒമാനിലെ അൽ ഖൂദിൽ ഒരുങ്ങുന്നത്. 1407 ഇനം പ്രാദേശിക ചെടികൾ ഇവിടെ സംരക്ഷിക്കപ്പെടും.
പദ്ധതിയുടെ നിർമാണ പുരോഗതി മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി അവലോകനം ചെയ്തു. സുൽത്താനേറ്റിലെ ഏറ്റവും തന്ത്രപ്രധാനമായ ഇക്കോ-ടൂറിസം, സംരക്ഷണ പദ്ധതികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഗാർഡന്റെ പുതിയ നിർമാണ, ലാൻഡ്‌സ്‌കേപ്പിംഗ് അപ്ഡേറ്റുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പദ്ധതിയിൽ പ്രവർത്തിക്കുന്ന ടീമുകൾ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. പൂർത്തിയാകുമ്പോൾ ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്തവും സാംസ്‌കാരികവുമായ ലാൻഡ്മാർക്കുകളിൽ ഒന്നായിരിക്കും ബൊട്ടണിക്കൽ ഗാർഡനെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത ഒമാനി ചെടികളും രാജ്യത്തിന്റെ സസ്യ വൈവിധ്യവും കാർഷിക പൈതൃകവും പ്രദർശിപ്പിക്കുന്നതാണ് പദ്ധതി. സന്ദർശക കേന്ദ്രം, ഒമാനിലെ വിവിധ പരിസ്ഥിതി വിഭാഗങ്ങൾ, കാർഷിക നഴ്സറി വിഭാഗം, ലബോറട്ടറി, ഗവേഷകരുടെയും കുട്ടികളുടെയും വിഭാഗം തുടങ്ങിയവ ഇവിടെ ഒരുക്കും. രാജ്യാന്തര ഗവേഷകർക്കായി പാർപ്പിട കേന്ദ്രങ്ങളും സജ്ജമാക്കുന്നുണ്ട്.