ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഒമാൻ

ആയിരക്കണക്കിന് ടെന്റുകൾ എത്തിച്ചു നൽകി ഒ.സി.ഒ

Update: 2025-12-16 09:32 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി ആയിരക്കണക്കിന് ടെന്റുകൾ എത്തിച്ചു നൽകി ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി ഒമാൻ നൽകുന്ന തുടർച്ചയായ മാനുഷിക സഹായത്തിന്റെ ഭാഗമാണിത്. കെയ്റോയിലെ ഒമാൻ എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തോടെയാണ് സഹായം എത്തിച്ചത്. മോശമായ സാഹചര്യങ്ങളിൽ കഴിയുന്ന പലായനം ചെയ്യപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കാൻ ഈ ടെന്റുകൾ വഴി സാധിക്കും.

ഒമാൻ ജനത ഗസ്സയിലെ സഹോദരങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശമാണ് ഈ ഉദ്യമം നൽകുന്നതെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് മുഹമ്മദ് ബിൻ ബദർ അൽ സാബി അറിയിച്ചു. ഇതിനോടകം ദുരിതാശ്വാസ സാമഗ്രികൾ, ഭക്ഷണ വിതരണം, താമസത്തിനുള്ള വസ്തുക്കൾ എന്നിവ ഉൾപ്പെടുത്തിയുള്ള 16 വിമാനങ്ങൾ ഗസ്സയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായം സ്വീകരിക്കുന്നതിനും വേർതിരിക്കുന്നതിനും ഗസ്സയിലേക്ക് പ്രവേശനത്തിനായി തയ്യാറാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനായി ഒ.സി.ഒ പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെ ലോജിസ്റ്റിക്‌സ് സർവീസസ് സെന്ററും സന്ദർശിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News