വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രൊഫഷനൽ ലൈസൻസ് നിർബന്ധമാക്കി ഒമാൻ
ഫെബ്രുവരി 9 മുതൽ അപേക്ഷിക്കാം
മസ്‌കത്ത്: ഒമാനിലെ വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും പ്രൊഫഷനൽ അക്രഡിറ്റേഷൻ സംവിധാനം നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിട്ടു. വ്യാവസായിക സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. നിശ്ചിത തസ്തികകളിൽ ജോലി ചെയ്യുന്നവർ ഫെബ്രുവരി 9 മുതൽ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി അക്രഡിറ്റേഷനായി അപേക്ഷിക്കണം. മെയ് 1 മുതൽ നിയമം കർശനമായി നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. നിശ്ചിത തീയതിക്ക് ശേഷം ലൈസൻസ് ഇല്ലാത്തവർക്ക് വർക്ക് പെർമിറ്റ് അനുവദിക്കുകയോ നിലവിലുള്ളവ പുതുക്കി നൽകുകയോ ചെയ്യില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഫാക്ടറി മാനേജർ, ഓപ്പറേഷൻസ് മാനേജർ, മെയിന്റനൻസ് മാനേജർ, കെമിസ്റ്റുകൾ, വിവിധ സാങ്കേതിക വിദഗ്ധർ എന്നിവർ ഉൾപ്പെടെയുള്ള തസ്തികകളിൽ ഉള്ളവർക്ക് പ്രൊഫഷനൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ, മെഷീൻ ഓപ്പറേറ്റർ, ഫുഡ് ഇൻഡസ്ട്രി ടെക്‌നീഷ്യൻ, കാർപെന്റർ തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവർക്ക് പ്രൊഫഷനൽ ലൈസൻസും ആവശ്യമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അക്രഡിറ്റേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.