വിവാഹ ടൂറിസത്തിൽ മുന്നേറ്റവുമായി ഒമാൻ; കഴിഞ്ഞ വർഷം 6 മില്യൺ റിയാൽ വരുമാനം
കൂടുതലായെത്തിയത് ഇന്ത്യക്കാർ
മസ്‌കത്ത്: വിവാഹ ടൂറിസത്തിൽ മുന്നേറ്റവുമായി ഒമാൻ. 2024ൽ 60 ലക്ഷം റിയാലിലധികം വരുമാനം നേടിയതായി പൈതൃക, ടൂറിസം മന്ത്രാലയത്തിലെ (MHT) ഇവന്റ്സ് ഡയറക്ടർ അൻവർ ബിൻ സെയ്ദ് അൽ ബലൂഷി അറിയിച്ചു. ഒമാനെ മികച്ച വിവാഹ ഡെസ്റ്റിനേഷനായി സ്ഥാപിക്കാനും, വിനോദ സഞ്ചാരികൾക്ക് രാജ്യത്തിന്റെ അതിമനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം നൽകുന്ന തരത്തിലുള്ള പാക്കേജുകൾ ഒരുക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. വിവാഹ സംഘാടനത്തിൽ വിദഗ്ധരായ പ്രധാന അന്താരാഷ്ട്ര കമ്പനികളെ ആകർഷിച്ച് സാമ്പത്തിക നേട്ടം വർധിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും ബലൂഷി എടുത്തു പറഞ്ഞു.
ഒമാനിലെ വിവാഹ ടൂറിസത്തിന്റെ ഏറ്റവും വലിയ ഉറവിടം ഇന്ത്യയാണ്. ഇന്ത്യൻ അതിഥികൾ പലപ്പോഴും ആഴ്ചകളോളം താമസിക്കുന്നതിനായി ഹോട്ടലുകൾ മുഴുവനായും ബുക്ക് ചെയ്യാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വിവാഹ ടൂറിസം ഒമാനിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും, ഈ പരിപാടികളുടെ സംഘാടനത്തെ പിന്തുണച്ച് വരുമാനം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വിവാഹത്തിലും സാധാരണയായി 400നും 800നും ഇടയിൽ അതിഥികൾ പങ്കെടുക്കാറുണ്ട്. അൽ ബുസ്താൻ പാലസ്, ഷാംഗ്രി-ലാ ബാർ അൽ ജിസ്സ, അനന്താര അൽ ജബൽ അഖ്ദർ തുടങ്ങിയ ആഢംബര വേദികൾ പോലെ സിഫാവി ബുട്ടീക്ക് ഹോട്ടൽ പോലെ താങ്ങാനാവുന്ന ഓപ്ഷനുകളും രാജ്യത്തുണ്ട്.