നെതന്യാഹുവിന്റെ 'ഗ്രേറ്റർ ഇസ്രായേൽ' പദ്ധതിയെ തള്ളി ഒമാൻ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിമർശനം
ഫലസ്തീൻ ജനതയുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശങ്ങളെ ഹനിക്കുന്നതുമാണെന്നും വ്യക്തമാക്കി
മസ്‌കത്ത്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 'ഗ്രേറ്റർ ഇസ്രായേൽ' പദ്ധതിയെ തള്ളി ഒമാൻ. നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച ഒമാൻ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഫലസ്തീൻ ജനതയുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശങ്ങളെ ഹനിക്കുന്നതുമാണെന്നും വ്യക്തമാക്കി.
ഗസ്സയിലെ ഇത്തരം ഏറ്റെടുക്കൽ പദ്ധതി പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉയർത്തുകയും ശത്രുതയും പിരിമുറുക്കവും വർധിപ്പിക്കുകയും ചെയ്യുമെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സംഘർഷം ലഘൂകരിക്കലും സഹകരണവും ആവശ്യമുള്ള സമയത്താണ് ഇത് വരുന്നതെന്നും ഒമാൻ പറഞ്ഞു. ദേശീയ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിനോ മേഖലയുടെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തിൽ മാറ്റം വരുത്തുന്നതിനോ ലക്ഷ്യമിട്ടുള്ള ഏതൊരു പദ്ധതിയും എതിർക്കുന്ന ഒമാന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച ഒമാൻ, 1967 ജൂൺ നാലിലെ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.മേഖലയിൽ നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ സഹായിക്കാനും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
'ഗ്രേറ്റർ ഇസ്രായേൽ' പദ്ധതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ബൈബിളിലും സയണിസ്റ്റ് ചരിത്രത്തിലുമുള്ള വിവരണങ്ങൾക്കനുസൃതമായി വിപുലീകരിച്ച ഇസ്രായേലിനെയാണ് 'ഗ്രേറ്റർ ഇസ്രായേൽ' സൂചിപ്പിക്കുന്നത്.