ഒമാനിൽ ഭിന്നശേഷിക്കാരെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി
രണ്ട് വർഷം വരെ തടവും 3000 ഒമാൻ റിയാൽ പിഴയും ഈടാക്കും
മസ്കത്ത്: ഒമാനിൽ ഭിന്നശേഷിക്കാരോടുള്ള അതിക്രമം, ചൂഷണം, ദുരുപയോഗം, അവമതിപ്പുളവാക്കുന്ന പെരുമാറ്റം എന്നിവ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പൊതു പ്രോസിക്യൂഷൻ മുന്നറിയിപ്പ്. ഭിന്നശേഷിക്കാരുടെ മാന്യത, പ്രശസ്തി, ബഹുമാനം എന്നിവ ഹനിക്കുന്ന ഏതൊരു പ്രവൃത്തിയും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നും നിയമപ്രകാരം ശിക്ഷിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലെ ആർട്ടിക്കിൾ 68, ആർട്ടിക്കിൾ 15 എന്നിവ അനുസരിച്ച് കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവോ 3,000 റിയാൽ വരെ പിഴയോ ഈടാക്കും. അല്ലെങ്കിൽ ഇവ രണ്ടും ചുമത്തിയേക്കാമെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ശാരീരികമോ മാനസികമോ ആയ ഉപദ്രവം, ചൂഷണം എന്നിവയുൾപ്പെടെ വിവിധ തരം ദുരുപയോഗങ്ങൾ ഈ കുറ്റത്തിന്റെ പരിധിയിൽ വരും.
സ്വകാര്യ സ്ഥലങ്ങളിലും പൊതുഇടങ്ങളിലും നടക്കുന്ന ഇത്തരം പ്രവൃത്തികൾക്കെല്ലാം ഈ നിയമം ബാധകമാണ്. പൊതുജനങ്ങളോട് ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.