അവയവ ദാനം ചെയ്യുന്നവരെ ആദരിക്കാൻ ഒമാൻ

അവയവദാനവുമായി ബന്ധപ്പെട്ട് സുൽത്താൻ പുതിയ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

Update: 2025-04-27 16:09 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: അവയവം ദാനം ചെയ്യുന്നവരെ നാഷനൽ മെഡൽ നൽകി ആദരിക്കാൻ ഒമാൻ. മനുഷ്യ അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസങ്ങൾക്ക് മുമ്പ് പുതിയ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ മേഖലകളിൽ മനുഷ്യക്കടത്തും ചൂഷണവും തടയുന്നതിനുള്ള നടപടികളും ഉറപ്പാക്കും

മനുഷ്യാവയവങ്ങളുടെയും ടിഷ്യൂകളുടെയും കൈമാറ്റം, സംരക്ഷണം, മാറ്റി​വെക്കൽ എന്നിവക്കുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുതിയ നിയമത്തിലുള്ളത്. മരണപ്പെട്ട വ്യക്തികളിൽനിന്ന് അവയവങ്ങൾ ദാനം ചെയ്യുന്ന സന്ദർഭങ്ങളിൽ, മെഡൽ മരിച്ചയാളുടെ പേരിൽ നൽകുകയും അവരുടെ അടുത്ത ബന്ധുക്കൾക്ക് അല്ലെങ്കിൽ പങ്കാളിക്ക് സമർപ്പിക്കുകയും ചെയ്യും. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും അവയവദാനത്തിന് വ്യക്തമായ നടപടിക്രമങ്ങൾ നിയമം വിശദീകരിക്കുന്നുണ്ട്. ദാതാക്കളുടെയും സ്വീകർത്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിനുള്ളിൽ പുതിയ ദേശീയ കമ്മിറ്റിയുണ്ടാക്കും . ഈ ബോഡി പോളിസികൾ, ലൈസൻസിങ്, പരിശീലനം, അവയവദാനത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കൽ എന്നിവക്ക് മേൽനോട്ടം വഹിക്കും.

അതേസമയം മനുഷ്യാവയവങ്ങളിലെ നിയമവിരുദ്ധമായ വ്യാപാരം തടയുന്നതിനും ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികളും ഉറപ്പാക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകളും വിവരിക്കുന്നുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News