ഒമാനിൽ നാളെ അപൂർവ ആകാശക്കാഴ്ച; ശുക്രൻ അതിന്റെ പരമാവധി തിളക്കത്തിൽ ദൃശ്യമാകും
മസ്‌കത്ത്: നാളെ സായാഹ്നത്തിൽ ഒമാൻ ആകാശം മറ്റൊരു അപൂർവ ആകാശ കാഴ്ചക്ക് സാക്ഷ്യം വഹിക്കും.സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ പടിഞ്ഞാറൻ ചക്രവാളത്തിൽ ശുക്രൻ അതിന്റെ പരമാവധി തിളക്കത്തിൽ ദൃശ്യമാകും. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ ഗോളമായ ശുക്രൻ, -4.52 എന്ന കാന്തിമാനവുമായി സിറിയസ് എന്ന നക്ഷത്രത്തെക്കാൾ മുപ്പതിരട്ടി തിളക്കമുണ്ടാകുമെന്ന് ഒമാനി ജ്യോതിശാസ്ത്ര-ബഹിരാകാശ സൊസൈറ്റിയിലെ വക്താവ് വസൽ ബിൻത് സലീം അൽ ഹിനായി അറിയിച്ചു.
ഭൂമിക്കും സൂര്യനും ഇടയിലുള്ള സ്ഥാനം കാരണം ശുക്രൻ ഒരു ചന്ദ്രക്കല പോലെ കാണപ്പെടും. ഈ സമയം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുന്നതിനാൽ ശുക്രന്റെ തിളക്കം വർധിക്കും. ടെലിസ്‌കോപ്പുകൾ ഉപയോഗിക്കുന്നവർക്ക് ശുക്രന്റെ മേഘാവൃതമായ ഉപരിതലം വ്യക്തമായി കാണാൻ സാധിക്കുമെന്നും അൽ ഹിനായി പറഞ്ഞു.
മാർച്ച് പകുതി വരെ ഈ കാഴ്ച ഒമാൻ ആകാശത്തിൽ ദൃശ്യമാകും. മാർച്ച് 16-ന് ശുക്രൻ അപ്രത്യക്ഷമാവുകയും തുടർന്ന് മാർച്ച് അവസാനത്തോടെ 'പ്രഭാത നക്ഷത്രം' എന്ന നിലയിൽ കിഴക്കൻ ചക്രവാളത്തിൽ വീണ്ടും ഉദിച്ചുയരും. ജ്യോതിശാസ്ത്ര നിരീക്ഷകർക്കും ആകാശ നിരീക്ഷണം ഹോബിയായി കൊണ്ടുനടക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു കാഴ്ചയാണ് ഇതെന്ന് അൽ ഹിനായി പറഞ്ഞു.