സംശയാസ്പദമായ ബാങ്ക് എസ്എംഎസുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക; മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്
സംശയാസ്പദമായ എസ്എംഎസ് അലർട്ടുകൾ ലഭിച്ചാൽ ഉപഭോക്താക്കൾ ഉടൻ തന്നെ ബാങ്കിനെ അറിയിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടതായോ, പുതിയ ഗുണഭോക്താക്കളെ ചേർത്തതായോ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ വരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന സന്ദേശങ്ങൾ ലഭിച്ചാൽ കാലതാമസം കൂടാതെ ബാങ്കിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സിബിഒ ഈ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇത്തരം സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണം. എസ്എംഎസിൽ നൽകിയിട്ടുള്ള ഒരു ലിങ്കിലും ക്ലിക്ക് ചെയ്യുകയോ സന്ദേശത്തിലെ ഏതെങ്കിലും നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യരുത്. പകരം, ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുന്നതിനും അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനും അതത് ബാങ്കുകളുടെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പർ വഴി ബന്ധപ്പെടുകയാണ് വേണ്ടത്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിൽ അകപ്പെടുന്നത് ഒഴിവാക്കാൻ ഇത് പ്രധാനമാണ്.
ബാങ്കുമായി ബന്ധപ്പെടുമ്പോൾ, അനധികൃതമായി ഏതെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും, അക്കൗണ്ടിലേക്ക് പുതിയ ഗുണഭോക്താക്കളെ അനധികൃതമായി ചേർത്തിട്ടുണ്ടോ എന്നും പരിശോധിക്കാൻ ആവശ്യപ്പെടണമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.