Writer - razinabdulazeez
razinab@321
മസ്‌കത്ത്: ഒമാനിലെ റൂവി മലയാളി അസോസിയേഷനും അപ്പോളോ ഹോസ്പിറ്റലും സംയുക്തമായി ബൗശർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. സെൻട്രൽ ബ്ലഡ് ബാങ്കിൽ വിവിധ ബ്ലഡ് ഗ്രൂപ്പുകൾ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും, ഡിപ്പാർട്ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവീസിന്റെ വിവിധ നാഷണൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ ദൗത്യം റൂവി മലയാളി അസോസിയേഷൻ ഏറ്റെടുത്തതെന്നും അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ പറഞ്ഞു. അദ്ദേഹം ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു. ട്രഷറർ സന്തോഷ് കെ.ആർ രക്തദാനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കളോടും നന്ദി അറിയിച്ചു. കമ്മറ്റി അംഗങ്ങളായ ബിൻസി സിജോ, ഷാജഹാൻ, നീതു ജിതിൻ, സുജിത് സുഗുണൻ, സുജിത് മെറ്റലിസ്റ്, സച്ചിൻ എന്നിവർ ക്യാമ്പിന്റെ വിജയത്തിന് നേതൃത്വം നൽകി. രക്തദാനത്തിന്റെ സാമൂഹിക പ്രാധാന്യം അറിയിക്കുകയും, കൂടുതൽ വ്യക്തികളെ ഈ മഹത്തായ സേവനത്തിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.