എയർബസ് സോഫ്റ്റവെയർ അപ്ഡേറ്റ്; സലാം എയർ സർവീസുകളിലും തടസ്സം നേരിടും
യാത്രക്കാർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശം
Update: 2025-11-29 09:40 GMT
മസ്കത്ത്: എയർബസ് കമ്പനി പുറത്തിറക്കിയ ആഗോള സാങ്കേതിക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സലാം എയറിന്റെ ചില വിമാന സർവീസുകൾക്ക് താൽക്കാലിക തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് എയർലൈൻ അറിയിച്ചു. ലോകമെമ്പാടുമുള്ള എല്ലാ A320 ശ്രേണി വിമാനങ്ങൾക്കും ബാധകമായ വിപുലമായ സാങ്കേതിക പരിശോധനകൾ നടത്തണമെന്ന നിർദേശമാണ് ഈ നടപടിക്ക് കാരണം. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും മുൻഗണന നൽകിക്കൊണ്ടാണ് ഈ ആവശ്യമായ നടപടികൾ നടപ്പിലാക്കുന്നതെന്നും നവംബർ 30-ഓടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്നും സലാം എയർ പ്രസ്താവനയിൽ വ്യക്തമാക്കി. ക്രമീകരണങ്ങളുടെ ഭാഗമായി തടസ്സം നേരിടുന്ന വിമാനങ്ങളിലെ യാത്രക്കാരെ വിവരങ്ങൾ നേരിട്ട് അറിയിക്കുമെന്നും, ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ക്ഷമയോടെ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും എയർലൈൻ കൂട്ടിച്ചേർത്തു.