സൗത്ത് ബാത്തിനയിലെ പുതിയ ആകർഷണം; 'റീമൽ പാർക്ക്' പദ്ധതി പ്രഖ്യാപിച്ച് അധികൃതർ
മസ്‌കത്ത്: വിനോദ സഞ്ചാര മേഖലയിൽ പുതിയ ചുവടുവെപ്പുമായി സൗത്ത് ബാത്തിന ഗവർണറേറ്റ്. നഖ്ൽ വിലായത്തിലെ ഖബാത്ത് അൽ ഖാദാനിലെ അൽ അബ്യാദ് മണൽക്കുന്നുകളിലെ 'റീമൽ പാർക്ക്' വികസന പദ്ധതികൾ അധികൃതർ പ്രഖ്യാപിച്ചു. പ്രകൃതി സൗന്ദര്യവും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന ഒരു ഇക്കോ-ടൂറിസം കേന്ദ്രമാണ് ഇവിടെ ഒരുക്കുന്നത്.
7,806 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു തുറന്ന സിനിമാ തീയേറ്ററാണ് പ്രധാന ആകർഷണം. 2,000 പേർക്ക് വരെ ഇവിടെ സിനിമ ആസ്വദിക്കാനാകും. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ സിനിമ കാണാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കുക. കൂടാതെ, 24,814 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിനോദ മേഖലയും പാർക്കിലുണ്ട്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാവുന്ന വിവിധതരം വിനോദ പരിപാടികൾ ഇവിടെയുണ്ടായിരിക്കും. 2,25,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന റീമൽ പാർക്ക്, മസ്‌കത്തിനെയും നോർത്ത് ബാത്തിനയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സന്ദർശകർക്ക് ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ക്യാമ്പിംഗ് യൂണിറ്റുകൾ, കുതിരയോട്ട സ്‌കൂൾ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (SMEs) പിന്തുണയ്ക്കുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവയും പാർക്കിൽ ഉണ്ടായിരിക്കും.
പദ്ധതി ഒരു വലിയ നിക്ഷേപ അവസരമാണെന്നും ഈ പ്രദേശത്തെ പ്രധാന ഇക്കോ-ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നെന്നും സൗത്ത് ബാത്തിന ഗവർണർ മസൂദ് ബിൻ സഈദ് അൽ ഹാഷിമി പറഞ്ഞു. പാർക്കിന്റെ സ്ഥാനവും വൈവിധ്യമാർന്ന ആകർഷണങ്ങളും പ്രാദേശിക, അന്തർദേശീയ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
ഒമാൻ വിഷൻ 2040-ന് അനുസൃതമായി, റീമൽ പാർക്ക് പദ്ധതി സുസ്ഥിര വികസനത്തിലും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക ബിസിനസുകളെ ഉത്തേജിപ്പിക്കാനും ഗവർണറേറ്റിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാനും ഇത് സഹായിക്കും. ഏകദേശം 6.9 മില്യൺ ഒമാനി റിയാൽ ചെലവുള്ള ഈ പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകും.