കരകൗശല വിദഗ്ധർക്കും ബിസിനസുകൾക്കും മത്രയിൽ പ്രത്യേക വിപണി ഒരുങ്ങുന്നു
ദാർ അൽ ഹെർഫിയയുമായി ചേർന്നാണ് ഒമ്രാൻ ഗ്രൂപ്പ് മത്രയിൽ മാറ്റത്തിനൊരുങ്ങുന്നത്
മസ്‌കത്ത്: കരകൗശല വിദഗ്ധർക്കും ബിസിനസുകൾക്കും ഒമാനിലെ മത്രയിൽ പ്രത്യേക വിപണി ഒരുങ്ങുന്നു. ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനിയായ ഒമ്രാൻ ഗ്രൂപ്പ് ആണ് ഒമാന്റെ തനത് സംസ്‌കാരം ഉയർത്തിപ്പിടിച്ച് മത്രയിൽ മാറ്റത്തിനൊരുങ്ങുന്നത്, പരമ്പരാഗത കരകൗശല വസ്തുക്കൾക്കായി സംയോജിത മാർക്കറ്റിംഗ് ഔട്ട്ലെറ്റും ഇൻകുബേറ്ററും സ്ഥാപിക്കും.
ദാർ അൽ ഹെർഫിയയുമായി ചേർന്നാണ് ഒമ്രാൻ ഗ്രൂപ്പ് മത്രയിൽ മാറ്റത്തിനൊരുങ്ങുന്നത്. കരകൗശല ഉൽപ്പന്നങ്ങൾക്കായി ആധുനിക മാർക്കറ്റിങ് മാതൃകയാണ് ഒരുങ്ങുന്നത്. വിനോദസഞ്ചാരികൾക്ക് ഒമാന്റെ സമ്പന്നമായ പൈതൃകവും സംസ്‌കാരവും പര്യവേക്ഷണം ചെയ്യാൻ ഇത് മികച്ച അവസരമാകും.
മാർക്കറ്റിങ് ഔട്ട്ലെറ്റിൽ അഞ്ച് പ്രധാന വിഭാഗങ്ങൾ ഉണ്ടാകും. അതിൽ പരമ്പരാഗത ഒമാനി കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രത്യേക സ്ഥലം ഉൾപ്പെടും. അവിടെ കരകൗശല വിദഗ്ധർക്കും തദ്ദേശീയ ബിസിനസുകൾക്കും സന്ദർശകരുമായി നേരിട്ട് ഇടപഴകാനാവും. വിനോദസഞ്ചാരികൾക്ക് ആധികാരിക വസ്ത്രങ്ങൾ പര്യവേക്ഷണം ചെയ്യാനും സ്വന്തമാക്കാനും അനുവദിക്കുന്ന ഒമാനി വസ്ത്രങ്ങൾക്കായുള്ള പ്രത്യേക വിഭാഗമാണ് മറ്റൊന്ന്, കൈകൊണ്ട് നിർമിച്ച ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പാക്കേജിങ് ഏരിയയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഒമാനി പ്രമേയമുള്ള കഫേയും ഒരുക്കുന്നുണ്ട്. ഷോപ്പിങ്, സംസ്‌കാരം, അനുഭവ ടൂറിസം എന്നിവ തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന മികച്ച ലക്ഷ്യസ്ഥാനമായിരിക്കുമിത്. പരമ്പരാഗത കരകൗശല വസ്തുക്കളുടെ ആധികാരികത കാത്തുസൂക്ഷിച്ച്, ആധുനിക രീതികൾ ഉപയോഗിച്ച് അവരുടെ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും വിൽക്കാനും അവരെ പ്രാപ്തരാക്കുന്നതിനായി സമഗ്രമായ മാർക്കറ്റിങ് പ്ലാറ്റ്ഫോം സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.