Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാൻ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഒമാന്റെ സമഗ്ര വികസനം, സാമ്പത്തിക, സാമൂഹിക മേഖലകളിലെ നേട്ടങ്ങളും ചർച്ചയായി. വികസന കാര്യങ്ങളിൽ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്റ്റേറ്റ് കൗൺസിൽ നടത്തിയ ശ്രമങ്ങളെയും സംഭാവനകളെയും സുൽത്താൻ അഭിനന്ദിച്ചു.
സദസ്സിൽ, സ്റ്റേറ്റ് കൗൺസിലും വിവിധ സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള അനിവാര്യമായ സഹകരണത്തെക്കുറിച്ച് സുൽത്താൻ എടുത്തുപറഞ്ഞു. ദേശീയ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് എല്ലാ സ്റ്റേറ്റ് സംവിധാനങ്ങളുടെയും പൊതുവായ ഉത്തരവാദിത്തമെന്ന് അദ്ദേഹം അടിവരയിട്ടു. രാജ്യത്തിന്റെയും പൗരന്മാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പൊതുനയങ്ങൾ വികസിപ്പിക്കുന്നതിനും വെല്ലുവിളികൾ പരിഹരിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ഉറപ്പാക്കാൻ, സാമൂഹിക സ്ഥിരതയെയും സുസ്ഥിര വളർച്ചയെയും പിന്തുണയ്ക്കുന്ന ഫലപ്രദമായ എക്സിക്യൂട്ടീവ് സംവിധാനങ്ങൾ സ്ഥാപിക്കാൻ സുൽത്താൻ നിർദേശിച്ചു. പൊതുജനങ്ങളുടെ ആശങ്കകളുമായി സജീവമായി ഇടപഴകേണ്ടതിന്റെ പ്രാധാന്യവും സുതാര്യമായ ആശയവിനിമയത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദേശീയ നേട്ടങ്ങളെയും നിലവിലുള്ള സംരംഭങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയിക്കുന്നതിന് ആവശ്യമായ വേദികൾ ഉപയോഗപ്പെടുത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു.