ജബൽ അഖ്ദറിലും മസീറയിലും പുതിയ വിമാനത്താവളങ്ങൾ; നിർമാണത്തിനായി ടെൻഡറുകൾ ക്ഷണിച്ചു
സുഹാർ വിമാനത്താവളത്തിന്റെ വികസനവും മുസന്ദമിലെ പുതിയ വിമാനത്താവളവും ഉൾപ്പെടെ രാജ്യത്തെ വ്യോമയാന ശൃംഖല ശക്തമാക്കാനാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്
മസ്‌കത്ത്: ഒമാനിലെ പ്രാദേശിക വിമാനത്താവളങ്ങളുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഒമാൻ എയർപോർട്ട്‌സ്. വിനോദസഞ്ചാര മേഖലയ്ക്കും പ്രാദേശിക യാത്രാസൗകര്യങ്ങൾക്കും വലിയ മുതൽക്കൂട്ടാകുന്ന ജബൽ അഖ്ദർ, മസീറ വിമാനത്താവളങ്ങളുടെ നിർമാണത്തിനായി പുതിയ ടെൻഡറുകൾ ക്ഷണിച്ചു. ജബൽ അഖ്ദറിൽ വിമാനത്താവളത്തിന്റെ സാങ്കേതിക പഠനങ്ങൾക്കായി പ്രത്യേക ടെണ്ടറാണ് പുറപ്പെടുവിച്ചത്. ടെണ്ടറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 12 ആണ്. ഒമാനിലെ പ്രധാന ടൂറിസം കേന്ദ്രമായ ജബൽ അഖ്ദറിൽ വിമാന സർവീസ് കൂടി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ വാഹനങ്ങളിൽ മാത്രം എത്താൻ കഴിയുന്ന ഇവിടേക്ക് കഴിഞ്ഞ വർഷം മാത്രം രണ്ട് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്.
മസീറ ദ്വീപിൽ പുതിയ പാസഞ്ചർ ടെർമിനലിന്റെ രൂപകൽപ്പനക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് രണ്ടാമത്തെ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ യാത്രാ സൗകര്യങ്ങൾക്കായി ഫെറികളെയും പരിമിതമായ വിമാന സർവീസുകളെയും മാത്രം ആശ്രയിക്കുന്ന മസീറ നിവാസികൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. രാത്രികാലങ്ങളിൽ ഫെറി സർവീസ് ഇല്ലാത്തത് മൂലം അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകും. ഇരു വിമാനത്താവളങ്ങളിലും പ്രീ ഫാബ്രിക്കേറ്റഡ് ടെർമിനൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായുള്ള ടെണ്ടറുകൾ സമർപ്പിക്കാൻ മാർച്ച് 21 വരെ സമയമുണ്ട്. സുഹാർ വിമാനത്താവളത്തിന്റെ വികസനവും മുസന്ദമിലെ പുതിയ വിമാനത്താവളവും ഉൾപ്പെടെ രാജ്യത്തെ വ്യോമയാന ശൃംഖല ശക്തമാക്കാനാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്.