വാദി കബീർ വെടിവെയ്പ്പ് പ്രതികൾ ഒമാനികളായ മൂന്ന് സഹോദരന്മാർ: റോയൽ ഒമാൻ പൊലീസ്

സുരക്ഷാ സേനയുടെ പ്രതിരോധത്തിനിടെ മൂന്ന് പ്രതികളും കൊല്ലപ്പെട്ടെന്നു റോയൽ ഒമാൻ പൊലീസ്

Update: 2024-07-18 09:14 GMT

മസ്‌കത്ത്: ഒമാനിലെ വാദി കബീർ വെടിവെയ്പ്പിലെ പ്രതികളെ തിരിച്ചറിഞ്ഞതായി റോയൽ ഒമാൻ പൊലീസ്. അക്രമികൾ ഒമാനികളായ മൂന്ന് സഹോദരന്മാരാണെന്നും സുരക്ഷാ സേനയുടെ പ്രതിരോധത്തിനിടെ അവർ കൊല്ലപ്പെട്ടെന്നും റോയൽ ഒമാൻ പൊലീസ് വ്യാഴാഴ്ച എക്‌സിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അറിയിച്ചു. അവർ മറ്റു ചിലരുടെ സ്വാധീനത്തിൽപ്പെട്ടതായും തെറ്റായ ആശയങ്ങളുണ്ടായിരുന്നതായും കേസന്വേഷണത്തിൽ തെളിഞ്ഞതായും ആർഒപി കൂട്ടിച്ചേർത്തു.

Advertising
Advertising

തിങ്കളാഴ്ച രാത്രി വാദി കബീറിലെ പള്ളിയിൽ അക്രമികൾ നടത്തിയ വെടിവെയ്പ്പിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായി ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. പ്രതികളടക്കം ആകെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.

വാദി കബീർ വെടിവെയ്പ്പിൽ ഇന്ത്യക്കാരനായ ബാഷ ജാൻ അലി ഹുസ്സൈൻ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ ഖൗല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അതേസമയം, ആക്രമണത്തിൽ തങ്ങളുടെ നാല് പൗരന്മാർ കൊല്ലപ്പെട്ടതായി ഒമാനിലെ പാകിസ്താൻ എംബസി അറിയിച്ചു. ഗുലാം അബ്ബാസ്, ഹസൻ അബ്ബാസ്, സയ്യിദ് ഖൈസർ അബ്ബാസ്, സുലൈമാൻ നവാസ് എന്നിവരാണ് മരിച്ചതെന്ന് എംബസി അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News